തിരുവനന്തപുരം :സർക്കാരിന്റെ ഡിജിറ്റൽ മുഖമായ അക്ഷയ പ്രസ്ഥാനത്തെ സംരക്ഷിക്കാൻ സർക്കാരും അധികാരികളും കണ്ണുതുറക്കണമെന്ന് ഫെയ്‌സ് (ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെണ്ണേഴ്സ് ) സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു .അക്ഷയയെ രക്ഷിക്കാൻ ജനുവരി 20 തിങ്കളാഴ്ച ഐ ടി മിഷനിലേക്ക് മാർച്ചും ധർണയും കേരളത്തിലെ അക്ഷയ സംരംഭകരുടെ നേത്രത്വത്തിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു .
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പോലീസ് ,രജിസ്‌ട്രേഷൻ ,മോട്ടോർ വാഹന വകുപ്പ് ഉൾപ്പെടെ നിരവധി വകുപ്പുകളിലെ സേവന നിരക്കുകൾ കുത്തനെ കൂട്ടിയിട്ടും ഏഴു വർഷമായി സർക്കാർ അക്ഷയ സേവനങ്ങളുടെ സേവനനിരക്കുകളിൽ വർധന വരുത്തിയിട്ടില്ല എന്നത് പ്രതിഷേധാർഹമാണ് .എല്ലാ മേഖലയിലും വില വർധനവും കൂലി വർധനയും ഉണ്ടായിട്ടും സർക്കാർ സ്വന്തം മുതൽമുടക്കിൽ സംരംഭം നടത്തുന്ന അക്ഷയ സംരംഭകരെ മറക്കുകയാണെന്നും സ്റ്റീഫൻ ജോൺ ചൂണ്ടിക്കാട്ടി .
അക്ഷയ സേവനങ്ങളുടെ നിരക്ക് കാലോചിതമായി പരിഷ്ക്കരിക്കുക, കൂടുതൽ സർക്കാർ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങളിലൂടെ അനുവദിക്കുക,അക്ഷയക്ക് അനുകൂലമായ സർക്കാർ ഉത്തരവുകൾ നടപ്പാക്കുക , വ്യാജ ഓൺലൈൻ സേവനകേന്ദ്രങ്ങളെ നിയന്ത്രിക്കുക, അക്ഷയ കേന്ദ്രങ്ങൾക്ക് ബില്ലിലൂടെ നിയമ പരിരക്ഷ നൽകുക, ആധാർ സേവനങ്ങൾ നൽകുന്ന അക്ഷയ കേന്ദ്രങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ അനുവദിക്കുക, അക്ഷയ കേന്ദ്രങ്ങളുടെ കൈമാറ്റ വ്യവസ്ഥയ്ക്ക് മാറ്റം വരുത്തുക, അന്യായമായ വിജിലൻസ് പരിശോധനകൾ അവസാനിപ്പിക്കുക,സർക്കാർ ഔദ്യോഗിക സൈറ്റുകളിൽ അക്ഷയക്ക് പ്രത്യേക ലോഗിൻ അനുവദിക്കുക, തുടങ്ങിയ 12 ഓളം ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മാർച്ചും, ധർണ്ണയും സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു .
മാർച്ചും ധർണ്ണയും കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും, തദവസരത്തിൽ സി. പി. ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ മുഖ്യഥിതിയാകും. മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.കേരളമങ്ങോളമുള്ള ആയിരത്തിഅഞ്ഞൂറിലധികം അക്ഷയ സംരംഭകർ മാർച്ചിലും ധർണയിലും പങ്കെടുക്കുമെന്ന് ഫെയ്‌സ് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ പറഞ്ഞു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി സജ്ജയകുമാർ ,സമരസമിതി തിരുവനന്തപുരം കൺവീനർ അജിത് ,തിരുവനന്തപുരം ജില്ലാ സെക്രട്ടറി രാജേഷ് ,സംസ്ഥാന സമിതി അംഗം ആര്യ ഗോപിനാഥ് ,തിരുവനന്തപുരം ജില്ലാ എക്സികുട്ടീവ് അംഗം രാധാകൃഷ്ണൻ എന്നിവർ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു .