ദൂരപരിധി പാലിക്കാതെ പുതിയ അക്ഷയ കേന്ദ്രങ്ങൾ ;സർക്കുലർ പിൻവലിക്കണമെന്ന് ഫെയ്‌സ്
.. ഇപ്പോഴുള്ള അക്ഷയ കേന്ദ്രങ്ങൾക്ക് അനുകൂലമല്ലാത്ത നടപടി സർക്കാർ സ്വീകരിച്ചാൽ FACE എന്ന സംഘടന ഹൈക്കോടതിയെ സമീപിക്കുമെന്നും
തിരുവനന്തപുരം :നിലവിലുള്ള അക്ഷയ കേന്ദ്രങ്ങൾക്ക് ദോഷകരമായി ഭവിക്കുന്ന ദൂരപരിധി പാലിക്കാതെ പുതിയ അക്ഷയ കേന്ദ്രങ്ങൾ അനുവദിക്കാനുള്ള സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഫെയ്‌സ് -ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെണ്ണേഴ്സ് ഐ ടി മിഷൻ ഡയറക്ടർക്ക് നിവേദനം നൽകി .
ദൂരപരിധി പാലിക്കാതെ പുതിയ അക്ഷയ കേന്ദ്രങ്ങൾ അനുവദിക്കുന്നതിനു വേണ്ടിയുള്ള ഡാറ്റാ കളക്ഷൻ, നിർത്തലാക്കണമെന്നും ഇതിലൂടെ അക്ഷയ സംരംഭകർക്ക് ഉണ്ടാകാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതം പ്രതിപാദിച്ചുകൊണ്ടും അക്ഷയ ഡയറക്ടറുമായി ഫെയ്‌സ് സംസ്ഥാനപ്രസിഡന്റ് സ്റ്റീഫൻ ജോൺ ,വൈസ് പ്രസിഡന്റ് സജയകുമാർ ,സംസ്ഥാന കമ്മിറ്റി അംഗം ആര്യ ഗോപിനാഥ് എന്നിവർ വിശദമായി ചർച്ചചെയ്തു. അതിൻ്റെ അടിസ്ഥാനത്തിൽ, ദൂരപരിധി പാലിച്ചുകൊണ്ട് നിലവിലുള്ള അക്ഷയ കേന്ദ്രങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം മാത്രമേ പുതിയ അക്ഷയ കേന്ദ്രങ്ങൾ തുടങ്ങുവാനുള്ള ശുപാർശ സർക്കാരിന് നൽകുകയുള്ളൂ എന്ന് ഡയറക്ടർ സൂചിപ്പിച്ചു. ഇപ്പോൾ ഇത്തരത്തിലുള്ള ഒരു ഡേറ്റ കളക്ഷൻ നടത്തുന്നത് സർക്കാരിൻ്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നും അദ്ദേഹം പറയുകയുണ്ടായി. സർക്കാരിന്റെ നിർദ്ദേശം പാലിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇത്തരത്തിൽ ഒരു സർക്കുലർ ഇറക്കിയതെന്നും അദ്ദേഹം പറഞ്ഞു. പുതിയ അക്ഷയ കേന്ദ്രങ്ങൾ അനുവദിക്കുന്നതിനു വേണ്ടി സർക്കാർ പല മാനദണ്ഡങ്ങളും കണക്കിലെടുക്കുന്നുവെന്നും അതിൽ നിലവിലെ അക്ഷയ കേന്ദ്രങ്ങൾക്ക് ദോഷം ഉണ്ടാക്കാത്ത വിധം ഒരു നിർദ്ദേശം സംസ്ഥാന അക്ഷയ പ്രോജക്ട് ഓഫീസ് നൽകുമെന്നും ഡയറക്ടർ ഉറപ്പു നൽകി. നിലവിൽ വ്യാജ ഓൺലൈൻ കേന്ദ്രങ്ങൾ മൂലം അക്ഷയ കേന്ദ്രങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ഡയറക്ടറെ ഫെയ്‌സ് ബോധ്യപ്പെടുത്തി .. ഇപ്പോഴുള്ള അക്ഷയ കേന്ദ്രങ്ങൾക്ക് അനുകൂലമല്ലാത്ത നടപടി സർക്കാർ സ്വീകരിച്ചാൽ FACE എന്ന സംഘടന ഹൈക്കോടതിയെ സമീപിക്കുമെന്നും നിവേദനത്തിലൂടെ ഡയറക്ടറെ അറിയിച്ചു ..