എരുമേലിശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ പത്ത് ദിവസം നീളുന്ന തിരു ഉത്സവത്തിന് മാർച്ച് അഞ്ചിന് തുടക്കം

എരുമേലി:ശബരിമല തീർത്ഥാടന കേന്ദ്രമായ എരുമേലി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ പത്ത് ദിവസം നീളുന്ന തിരു ഉത്സവത്തിന് മാർച്ച് അഞ്ചിന് തുടക്കം. 14 ന് സമാപനം. അഞ്ചിന് വൈകിട്ട് 6.15 ന് കൊടിയേറ്റ്. തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ കണ്ഠര് രാജീവര്, ബ്രഹ്മശ്രീ ബ്രഹ്മദത്തൻ എന്നിവർ മുഖ്യ കാർമികത്വം വഹിക്കും. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ബാബു പി നമ്പൂതിരി, കീഴ് ശാന്തി ബ്രഹ്മശ്രീ ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ സഹ കാർമികത്വം വഹിക്കും. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ എൻ ശ്രീധര ശർമ, അസി. കമ്മീഷണർ ജി ഗോപകുമാർ തുടങ്ങിയവർ പങ്കെടുക്കും. ദിവസവും വിശേഷാൽ ചടങ്ങുകൾക്ക് പുറമെ എട്ടാം ദിവസം രാവിലെ 11 ന് ഉത്സവ ബലി, തുടർന്ന് ഉത്സവ ബലി ദർശനവും അന്നദാനവും. പിറ്റേന്ന് രാത്രി 11 ന് പള്ളിവേട്ടയും എതിരേൽപ്പും. സമാപന ദിവസമായ 14 ന് വൈകുന്നേരം 4.30 ന് ആറാട്ട് പുറപ്പാട്, തുടർന്ന് ആറിന് തിരു ആറാട്ട്. രാത്രി എട്ടിന് പേട്ടക്കവലയിൽ ആറാട്ട് എതിരേൽപ്പും സ്വീകരണവും. രാത്രി 12 ന് കൊടിയിറക്കോടെ ഉത്സവം സമാപിക്കും.