തദ്ദേശ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്

Nov 28, 2025
തദ്ദേശ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്
election commission

കോട്ടയം ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. വോട്ടിംഗ് യന്ത്രങ്ങൾ ഏറ്റുമാനൂരിലെ ജില്ലാ വെയർ ഹൗസിൽനിന്ന് ശനിയാഴ്ച്ച മുതൽ ഡിസംബർ ഒന്നുവരെ ബ്ലോക്ക്, മുനിസിപ്പാലിറ്റി തലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാർക്ക് നൽകിത്തുടങ്ങും.

ഡിസംബർ മൂന്നു മുതൽ അഞ്ചുവരെ ബ്ലോക്ക്, മുനിസിപ്പൽ തലങ്ങളിലെ വിതരണ കേന്ദ്രങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടക്കും. വോട്ടിംഗ് യന്ത്രത്തിന്റെ 1925 കൺട്രോൾ യൂണിറ്റുകളും 5775 ബാലറ്റ് യൂണിറ്റുകളുമാണ് ജില്ലയിൽ ആവശ്യമുള്ളത്. നിലവിൽ 3404 കൺട്രോൾ യൂണിറ്റുകളും 9516 ബാലറ്റ് യൂണിറ്റുകളും കമ്മീഷനിംഗിനായി സജ്ജമാക്കിയിട്ടുണ്ട്.

ആവശ്യമുള്ളതിനേക്കാൾ 40 ശതമാനം പേരെ അധികമായി ഉൾപ്പെടുത്തിയാണ് നിലവിൽ പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. 20 ശതമാനം പേരെക്കൂടി ഒഴിവാക്കി 20 ശതമാനം ജീവനക്കാരെ റിസർവായി നിലനിർത്തിക്കൊണ്ട് പോളിംഗ് ജീവനക്കാരുടെ അന്തിമ പട്ടിക നിർണയിക്കുന്നതിനുള്ള രണ്ടാം ഘട്ട റാൻഡമൈസേഷൻ ഡിസംബർ രണ്ടിന് നടക്കും.

പ്രിസൈഡിംഗ് ഓഫീസർ, ഒന്നാം പോളിംഗ് ഓഫീസർ, രണ്ടാം പോളിംഗ് ഓഫീസർ, മൂന്നാം പോളിംഗ് ഓഫീസർ എന്നീ ചുമതലകളിൽ 1925 ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. ഓരോ വിഭാഗത്തിലും 385 ഉദ്യോഗസ്ഥരെ റിസർവായി ഉൾപ്പെടുത്തും. ഇതനുസരിച്ച് റാൻഡമൈസേഷനു ശേഷം 9240 ഉദ്യോസ്ഥരാണ് ഉണ്ടാവുക.

പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ തലങ്ങളിൽ വെള്ളിയാഴ്ച്ച പൂർത്തിയായി.ജില്ലയിൽ 60 സെൻസിറ്റീവ് പോളിംഗ് ബൂത്തുകളാണുള്ളത്.

ജില്ലയിൽ 89 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 1611 നിയോജക മണ്ഡസലങ്ങളിൽ 5281 പേരാണ് ഡിസംബർ ഒൻപതിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ജനവധി തേടുന്നത്. ഇതിൽ 2823 പേർ സ്ത്രീകളും 2458 പേർ പുരുഷൻമാരുമാണ്. ജില്ലയിൽ ആകെ 16,41,176 വോട്ടർമാരാണുള്ളത്. 784842 പരുഷൻമാരും 856321 സ്ത്രീകളും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ട 13 പേരും ഇതിൽ ഉൾപ്പെടുന്നു. ആകെ 1925 പോളിംഗ് ബൂത്തുകളാണ് ഇതിനായി ക്രമീകരിക്കുന്നത്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.  പെരുമാറ്റച്ചട്ടം പാലിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് കളക്ടർ പറഞ്ഞു. തെരഞ്ഞെടുപ്പ് നടപടികളിൽ ഹരിത ചട്ടം പാലിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സി.എം. ശ്രീജിത്ത്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഷീബ മാത്യു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.


ഫോട്ടോ ക്യാപ്ഷൻ...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ കോട്ടയം ജില്ലയിലെ ക്രമീകരണങ്ങൾ ജില്ലാ കളക്ടർ ചേതൻകുമാർ മീണ വാർത്താ സമ്മേളനത്തിൽ വിശദീകരിക്കുന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.