പത്തനംതിട്ടയിൽ ഇരട്ടക്കൊലപാതകം:യുവതിയെയും സുഹൃത്തിനെയും ഭർത്താവ് വെട്ടിക്കൊന്നു,കൊല അവിഹിതബന്ധം സംശയിച്ച്
കൊല അവിഹിതബന്ധം സംശയിച്ച്; വിഷ്ണുവിനെ വിളിച്ചിറക്കി, ആക്രമണം കൊടുവാൾ ഉപയോഗിച്ച്

പത്തനംതിട്ട : കലഞ്ഞൂർ പാടത്ത് യുവതിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ഭർത്താവ് വെട്ടിക്കൊന്നു. പടയണിപ്പാറ ഇരുത്വാപ്പുഴയിൽ വൈഷ്ണയേയും സുഹൃത്ത് വിഷ്ണുവിനെയുമാണ് വൈഷ്ണയുടെ ഭർത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി പതിനൊന്നിനു ശേഷമായിരുന്നു ആക്രമണം. വിഷ്ണുവിന്റെ വീട്ടിൽ വച്ചാണ് കൊല നടന്നത്. ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുവാളുകൊണ്ടാണ് രണ്ടുപേരെയും വെട്ടിക്കൊന്നത്. ബൈജുവിന്റെയും വൈഷ്ണയുടേയും വീടിന്റെയും സമീപത്താണ് വിഷ്ണു താമസിക്കുന്നത്.
വൈഷ്ണയും വിഷ്ണുവും തമ്മിൽ അടുപ്പമുണ്ടെന്ന് ബൈജുവിന് സംശയമുണ്ടായിരുന്നു. ഇതേത്തുടർന്ന് നിരന്തരം വഴക്കുണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ രാത്രിയിലും ഇതേ വിഷയത്തിൽ ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നു. തുടർന്ന് വൈഷ്ണ വിഷ്ണുവിന്റെ വീട്ടിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ ബൈജു വൈഷ്ണയേയും പിന്നാലെ വിഷ്ണുവിനെയും വെട്ടിവീഴ്ത്തുകയായിരുന്നു. വൈഷ്ണ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. വിഷ്ണുവിനെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.