കേരള സർവകലാശാലയിൽ 58 കോടിയുടെ വികസന പ്രവർത്തനങ്ങൾ ഉടൻ നടപ്പിലാക്കും : മന്ത്രി ഡോ ആർ ബിന്ദു
സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ പ്രവർത്തനമാരംഭിച്ച കമ്പ്യൂട്ടർ ആർട്ടി ഫാക്റ്റ്സ് മ്യൂസിയത്തിന്റേയും ഗ്യാലറിയുടേയും സ്വയം പ്രേരിത കാലാവസ്ഥാ നിരീക്ഷണ സംവിധാനത്തിന്റേയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം : വിജ്ഞാനാധിഷ്ടിത സമൂഹം രൂപപ്പെടുത്താൻ സർവകലാശാലകളിലും കോളേജുകളിലും നടത്തിവരുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കേരള സർവകലാശാലയിൽ 58 കോടിരൂപയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. കേരള സർവകലാശാലയിൽ ഇതിനോടകം ആരംഭിച്ച കേന്ദ്രീകൃത ലാബ് രാജ്യത്തെ തന്നെ ഏറ്റവും മികച്ചതാണെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ പ്രവർത്തനമാരംഭിച്ച കമ്പ്യൂട്ടർ ആർട്ടി ഫാക്റ്റ്സ് മ്യൂസിയത്തിന്റേയും ഗ്യാലറിയുടേയും സ്വയം പ്രേരിത കാലാവസ്ഥാ നിരീക്ഷണ സംവിധാനത്തിന്റേയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
35 കോടി രൂപ ചെലവിൽ മഹാത്മാഗാന്ധി സർവകലാശാലയിലും കേന്ദ്രീകൃത ലാബ് സജ്ജമാക്കിയിട്ടുണ്ട്. വിജ്ഞാനാധിഷ്ടിത സമൂഹം വാർത്തെടുക്കാനുതകുന്ന തരത്തിലാണ് അത്യാധുനിക നിലവാരത്തിൽ ലാബുകളുടെ നിർമ്മാണവും ലൈബ്രറികളുടെ ആധുനികവൽക്കരണവും അടിസ്ഥാനസൗകര്യ വികസനവും നടപ്പിലാക്കുന്നത്. ഈ ലക്ഷ്യം മുൻനിർത്തി കരിക്കുലവും പരിഷ്‌കരിച്ചുവരികയാണ്. വിദ്യാർഥികളിൽ ശാസ്ത്രീയ വീക്ഷണവും യുക്തിബോധവും വളർത്തിയെടുക്കുന്നതിൽ സർക്കാർ പ്രഥമ പരിഗണന നൽകുന്നുണ്ട്. വിദ്യാർഥി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്നും ഇതിലൂടെ വിദ്യാർഥികൾ തൊഴിൽ ദാതാക്കളായി മാറ്റപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു.
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ഭാഗമായ ഇന്നവേഷൻ ഹബ് കൂടുതൽ വിദ്യാർഥികൾക്ക് ഉപയുക്തമാക്കുന്നതിനായി ഗവ. ആർട്സ് കോളേജും ഗവ. വിമൻസ് കോളേജുമായി ഒപ്പിട്ട ധാരണാപത്രം ചടങ്ങിൽ മന്ത്രി കൈമാറി. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ സഹായത്തോടെയാണ് സ്വയം പ്രേരിത കാലാവസ്ഥ നിരീക്ഷണ സംവിധാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ കമ്പ്യൂട്ടിംഗ് മേഖലയെ അടിസ്ഥാനമാക്കിയാണ് കമ്പ്യൂട്ടർ ആർട്ടിഫാക്റ്റ്സ് മ്യൂസിയം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അഡ്വ വികെ പ്രശാന്ത് എംഎൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫ. എൻ വി ചലപതി റാവു വിശിഷ്ടാതിഥിയായിരുന്നു. മ്യൂസിയം ഡയറക്ടർ ഇൻചാർജ് സോജു എസ് എസ്, അസിസ്റ്റന്റ് ഡയറക്ടർ സുന്ദർലാൽ പി എസ്, ആർട്സ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. സുബ്രമണിയൻ എസ്, വിമൻസ് കോളേജ് പ്രിൻസിപ്പൽ അനില ജെ എസ്, കുന്നുകുഴി വാർഡ് കൗൺസിലർ മേരി പുഷ്പം എന്നിവർ പങ്കെടുത്തു.