കാർഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കായി പ്രത്യേക ക്യാമ്പുകൾ തുറക്കാനൊരുങ്ങി കൃഷിവകുപ്പ്
വർഷത്തിൽ രണ്ടുതവണ ക്യാമ്പുകൾ നടത്തും. ഇവിടെ കാർഷികയന്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്താൻ സാങ്കേതിക വിദഗ്ധരുടെ സംഘത്തെ നിയോഗിക്കുമെന്ന് കൃഷിവകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു
പാലക്കാട് : കൃഷിപ്പണിക്കിടെ കേടാവുന്ന കാർഷികയന്ത്രം നന്നാക്കാൻ ആളെത്തേടിയുള്ള കർഷകരുടെ പരക്കംപാച്ചിലിന് പരിഹാരമാകുന്നു. സംസ്ഥാനത്ത് 280 ഇടങ്ങളിൽ കാർഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കായി പ്രത്യേക ക്യാമ്പുകൾ തുറക്കാനുള്ള ഒരുക്കത്തിലാണ് കൃഷിവകുപ്പ്. ഓരോ ജില്ലയിലും തിരഞ്ഞെടുക്കപ്പെട്ട കൃഷിമേഖലകളിൽ 10 വീതം അറ്റകുറ്റപ്പണി ക്യാമ്പുകൾ നടത്താൻ അനുമതിയായി.
വർഷത്തിൽ രണ്ടുതവണ ക്യാമ്പുകൾ നടത്തും. ഇവിടെ കാർഷികയന്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്താൻ സാങ്കേതിക വിദഗ്ധരുടെ സംഘത്തെ നിയോഗിക്കുമെന്ന് കൃഷിവകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഉത്പാദക-വിതരണ കമ്പനികളുടെ സഹകരണത്തോടെയാണ് സാങ്കേതിക സൗകര്യങ്ങളൊരുക്കുക.ട്രാക്ടർ ഡ്രൈവർമാർ, ക്ലീനർമാർ എന്നിവരുടെ സേവനവും ഉണ്ടാകും. ജില്ലാതലത്തിലുള്ള കൃഷിവകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനിയറുടെ മേൽനോട്ടത്തിലാണ് വർക്‌ഷോപ്പ് സജ്ജീകരിക്കുക.
70.39 ലക്ഷം രൂപ സബ്സിഡിയിനത്തിൽ കർഷകർക്കായി അനുവദിച്ചിട്ടുണ്ടെന്ന് കൃഷിവകുപ്പ് അധികൃതർ പറഞ്ഞു.ഡ്രോണുകളും നടീൽയന്ത്രങ്ങളുമടക്കമുള്ള ആധുനിക കാർഷികയന്ത്രങ്ങൾ നന്നാക്കാനുള്ള സാങ്കേതിക സൗകര്യങ്ങളും ക്യാമ്പുകളിൽ സജ്ജീകരിക്കും. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ തിരുവനന്തപുരം വെള്ളായണിയിലെ റിസർച്ച് ടെസ്റ്റിങ് ആൻഡ് ട്രെയ്‌നിങ് സെന്റർ (ആർ.ടി.ടി.സി.), കേരള കാർഷിക സർവകലാശാല, കാർഷിക എൻജിനിയറിങ് വിദ്യാർഥികൾ എന്നിവരുടെ സഹകരണവും ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.