പെന്‍ഷന്‍ മസ്റ്ററിങ് തിയ്യതി നീട്ടണം - സ്റ്റേറ്റ് ഐടി എംപ്ലോയീസ് യൂണിയൻ (എസ്.ടി.യു)
State IT Employees Union (STU) demand
കോഴിക്കോട്: സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി അംഗങ്ങള്‍ക്ക് തുടര്‍ന്നുള്ള പെന്‍ഷന്‍ ലഭിക്കുന്നതിന് ഏര്‍പ്പെടുത്തിയ മസ്റ്ററിങ് ചെയ്യാനുള്ള സമയം ദൈര്‍ഘിപ്പിക്കണമെന്ന് സ്റ്റേറ്റ് ഐ.ടി എംപ്ലോയീസ് യൂണിയന്‍ (എസ്.ടി.യു) സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. പ്രതികൂല കാലാവസ്ഥയും വയനാട് ദുരന്തമടക്കമുള്ള കാലവര്‍ഷകെടുതികള്‍ മൂലം ആയിരക്കണിക്കിന് വയോജനങ്ങള്‍ക്ക് ഇപ്പോഴും മസ്റ്ററിങ് പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. സംസ്ഥാനത്ത് ആകെയുള്ള അന്‍പത് ലക്ഷം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍കാരില്‍ 82.46 ശതമാനംപേര്‍ മാത്രമാണ് ഇതുവരെ മസ്റ്ററിങ് നടത്തിയത്. ഏഴരലക്ഷം പേര്‍ ഇനിയും മസ്റ്ററിങ് ചെയ്യാനുണ്ട്. വിവിധ ക്ഷേമനിധി ബോര്‍ഡുകളിലെ പതിമൂന്ന് ലക്ഷം പെന്‍ഷന്‍കാരില്‍ മൂന്ന് ലക്ഷത്തി അറുപത്തി അയ്യായിരം പേരുടെ മസ്റ്ററിങ് ഇനിയും ബാക്കിയുണ്ട്. ആഗസ്ത് 24 ആണ് മസ്റ്ററിങ് ചെയ്യാനുള്ള അവസാന തിയ്യതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കിടപ്പു രോഗികളുടെ വീട്ടിലെത്തിയുള്ള ഹോം മസറ്ററിങ് സംസ്ഥാനത്തെ മുവ്വായിരത്തോളം അക്ഷയ കേന്ദ്രങ്ങള്‍ വഴി അവസാന ഘട്ടത്തിലുമാണ്. ഈ അവസരത്തില്‍ പെന്‍ഷന്‍ മസ്റ്ററിങിന് രണ്ട് മാസം കൂടി അധിക സമയം അനുവദിച്ച് അവസാന തിയ്യതി നീട്ടണമെന്നാവശ്യപ്പെട്ടു കൊണ്ട് ധനമന്ത്രി, അക്ഷയ ഡയരക്ടര്‍ എന്നിവര്‍ക്ക് ഐ.ടി എംപ്ലോയീസ് യൂണിയന്‍ നിവേദനം നല്‍കി. യോഗത്തില്‍ സംസ്ഥാന ഭാരവാഹികളായ ഹാസിഫ് ഒളവണ്ണ, നാസര്‍ കോഡൂര്‍, അഡ്വ. ജാഫര്‍ സാദിഖ് കണ്ണൂര്‍, ഷറഫുദ്ധീന്‍ ഓമശ്ശേരി, ഹമീദ് മരക്കാര്‍ ചെട്ടിപ്പടി, സമീറ പുളിക്കല്‍, ഷബീര്‍ തിരുത്തി കാസര്‍ഗോഡ് സംസാരിച്ചു.