അധ്യാപക തസ്തികകൾ നികത്താൻ ദിവസ വേതന റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്.
തിരുവനന്തപുരം: പൂർത്തിയാകാത്ത തസ്തിക നിർണയവും പി.എസ്.സി നിയമനങ്ങളിലെ മെല്ലപ്പോക്കും കാരണം ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകൾ നികത്താൻ ദിവസ വേതന റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. അധ്യയന വർഷാരംഭത്തിൽ 15,000ത്തോളം ക്ലാസ് മുറികളിൽ അധ്യാപകരില്ലാത്ത സാഹചര്യം മറികടക്കാനാണ് താൽക്കാലിക അധ്യാപക നിയമനത്തിന് അനുമതി നൽകി ഉത്തരവിറക്കിയത്.കഴിഞ്ഞ വർഷം ജൂലൈ 15നകം പൂർത്തിയാക്കേണ്ട അധ്യാപക തസ്തിക നിർണയം പുതിയ അധ്യയന വർഷം ആരംഭിക്കാൻ രണ്ട് ദിവസം മാത്രം അവശേഷിക്കെ സർക്കാറിന് നടത്താനായിട്ടില്ല. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ ധനവകുപ്പ് കുരുക്കിട്ട തസ്തിക നിർണയം സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അധ്യാപകരില്ലാ ക്ലാസ് മുറികളൊരുക്കാൻ വഴിവെക്കുകയായിരുന്നു. അധ്യയന വർഷത്തിന്റെ അവസാനത്തിലുണ്ടായ കൂട്ടവിരമിക്കൽ ഒഴിുകൾകൂടി ചേരുന്നതോടെ സ്ഥിതി സങ്കീർണമാകും.ഇത് പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് താൽക്കാലിക നിയമനത്തിന് നീക്കം നടത്തുന്നത്. സർക്കാർ സ്കൂളുകളിലെ ഒഴിവുകളിലേക്ക് പി.എസ്.സി റാങ്ക് പട്ടിക/ചുരുക്കപട്ടികകളിൽ ഉൾപ്പെട്ടവർക്ക് മുൻഗണന നൽകാൻ നിർദേശമുണ്ട്. അധ്യാപകർ അധികമെന്ന് കണ്ടെത്തിയ സ്കൂളുകളിൽ പുതിയ ഒഴിവുവന്നാൽ താൽക്കാലിക നിയമനത്തിന് പകരം അധികമെന്ന് കണ്ടെത്തിയവരെ സ്ഥലംമാറ്റി ക്രമീകരിക്കണം.
2023-24 വർഷത്തെ തസ്തിക നിർണയത്തിൽ കുട്ടികൾ വർധിച്ചുള്ള അധിക തസ്തികകൾക്ക് ധനവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ ഇവയിലേക്ക് സ്ഥിരനിയമനം നടത്താനാകില്ല. സർക്കാർ സ്കൂളുകളിലെ ഒഴിവുകളിലേക്ക് തസ്തിക നഷ്ടപ്പെടുന്ന സ്കൂളുകളിലെ അധ്യാപകരെ പുനർവിന്യസിക്കാം.എന്നിട്ടും ബാക്കിവരുന്നവയിലേക്ക് പി.എസ്.സി വഴിയാണ് നിയമനം നടത്തേണ്ടത്. തസ്തിക നിർണയം പൂർത്തിയാക്കി അധിക തസ്തികകൾക്ക് അനുമതി ലഭിക്കാത്തതിനാൽ ഈ സ്കൂളുകളിലും മതിയായ അധ്യാപകരുണ്ടാകില്ല. എയ്ഡഡ് സ്കൂളുകളിൽ വരുന്ന അധിക തസ്തികകളിലേക്ക് അധ്യാപക ബാങ്കിലുള്ളവരെ പുനർവിന്യസിക്കുകയാണ് ചെയ്യാറുള്ളത്.