രാജമലയിൽ വരയാടുകളുടെ കണക്കെടുപ്പ് ഇന്ന് മുതൽ
ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായി വരുന്ന ചിന്നാർ, ഇരവികുളം, പാമ്പാടുംചോല എന്നിവിടങ്ങളിലാണ് കണക്കെടുപ്പ്
തൊടുപുഴ: മൂന്നാർ രാജമലയിലെ വരയാടുകളുടെ കണക്കെടുപ്പ് തിങ്കളാഴ്ച തുടങ്ങും. ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായി വരുന്ന ചിന്നാർ, ഇരവികുളം, പാമ്പാടുംചോല എന്നിവിടങ്ങളിലാണ് കണക്കെടുപ്പ്. നാലുദിവസത്തോളം കണക്കെടുപ്പ് തുടരും. തുടർന്ന് വരയാടുകളുടെ എണ്ണം ഔദ്യോഗികമായി പുറത്തുവിടും. 33 ബ്ലോക്കുകളായി തിരിഞ്ഞാണ് സംഘം വരയാടുകളുടെ കണക്കെടുപ്പ് നടത്തുക, ഒരു ബ്ലോക്കിൽ മൂന്നുപേർ വീതം ഉണ്ടാകും.മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എൻ. വിനോദ്, അസി. വൈൽഡ് ലൈഫ് വാർഡൻ നിതിൻ ലാൽ എന്നിവരാണ് കണക്കെടുപ്പിന് നേതൃത്വം നൽകുന്നത്. സെൻസസിൽ പങ്കെടുക്കുന്നവർക്ക് നിർദേശം നൽകുന്നതിന് യോഗം ചേർന്നു. ഈ സീസണിൽ മേസ്തിരിക്കെട്ട്, കുമരിക്കല്ല്, വരയാട്മെട്ട് എന്നിവിടങ്ങളിലായി 110ലധികം വരയാടിൻകുഞ്ഞുങ്ങൾ പിറന്നിട്ടുള്ളതായാണ് കണക്ക്.കഴിഞ്ഞ വർഷം 125ലധികം വരയാടിൻ കുഞ്ഞുങ്ങളാണ് പിറന്നത്. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് ഇരവികുളം ദേശീയോദ്യാനം. വരയാടുകളുടെ പ്രജനനകാലത്തെതുടർന്ന് ജനുവരി 31ന് അടച്ച ഉദ്യാനം തുറന്നിട്ടുണ്ട്. വരയാടിൻ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രജനനം സുഗമമായി നടക്കുന്നതിനുമാണ് എല്ലാ വർഷവും പാർക്ക് അടച്ചിടുന്നത്.