സമ്പൂർണ്ണ ടി.ബി. മുക്ത രാമന്തളി ഒന്നാംഘട്ട പ്രവർത്തനങ്ങൾ ലക്ഷ്യത്തിലേക്ക്.
2024 ൽ പുതിയ ക്ഷയരോഗ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇത് സംബന്ധിച്ച് ചേർന്ന അവലോകന യോഗം വിലയിരുത്തി.
പയ്യന്നൂർ: ടി.ബി.എലിമിനേഷൻ പദ്ധതിയുടെ ഭാഗമായി സമ്പൂർണ്ണ ടി.ബി. മുക്ത രാമന്തളി ഒന്നാംഘട്ട പ്രവർത്തനങ്ങൾ ലക്ഷ്യത്തിലേക്ക്. രാമന്തളി, എട്ടിക്കുളം കുടുംബാരോഗ്യ കേന്ദ്രം, പയ്യന്നൂർ ടി.ബി.യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. 2023 ൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ 12 ക്ഷയരോഗ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും 2024 ൽ പുതിയ ക്ഷയരോഗ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇത് സംബന്ധിച്ച് ചേർന്ന അവലോകന യോഗം വിലയിരുത്തി.
മുഴുവൻ ജനങ്ങൾക്കും രോഗപകർച്ച, രോഗപ്രതിരോധ പരിശോധന, ചികിത്സ മാർഗ്ഗങ്ങൾ എന്നിവ അറിയുക എന്നതാണ് പദ്ധതി ലക്ഷ്യംവച്ചത്. ജനപ്രതിനിധികൾ, ആശാ, അംഗൻവാടി, സന്നദ്ധ പ്രവർത്തകർ, കുടുംബശീ, ആരോഗ്യ പ്രവൃത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും മെഡിക്കൽ ഓഫീസർ കൺവീനറായും ഹെൽത്ത് ഇൻസ്പെക്ടർ കോർഡിനേറ്ററായും പഞ്ചായത്ത്തല ടി.ബി. മുക്ത ടാസ്ക് ഫോഴ്സ് രൂപീകരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത്തല യോഗം പ്രവർത്തനങ്ങൾ വിലയിരുത്തി. വൈസ് പ്രസിഡന്റ് ടി.ഗോവിന്ദൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.പി.ദിനേശൻ, എ.വി, സുനിത, ബിന്ദു നീലകണ്ഠൻ, ഡോ.കെ.ടി.രഞ്ജിത, ഡോ.എ.ഫാത്തിമ, കെ.സി.അബ്ദുൾ ഖാദർ, പി.പി.നാരായണി അസി.സെക്രട്ടറി കെ. ഹരിപ്രസാദ്, പയ്യന്നൂർ താലൂക്ക് ആശുപത്രി ടി.ബി.സൂപ്പർവൈസർ കെ.സീന, രാമന്തളി സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് പി.സുഗുണൻ, വി.കെ.അംബിക, ടി.എം.സിദ്ദിഖ് സംസാരിച്ചു. ചോദ്യാവലി നറുക്കെടുപ്പിൽ വിജയികളായ 12 പേർക്ക് പ്രസിഡന്റ് വി.ഷൈമ സമ്മാനങ്ങൾ വിതരണം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ കെ.വി.ഗിരീഷ് സ്വാഗതവും എം.നിഷാന്ത് നന്ദിയും പറഞ്ഞു.