ഓപ്പറേഷൻ ലൈഫ്: 7 ജില്ലകളിലായി 4513 ലിറ്റർ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി
*വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന

ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് വീണ്ടും മിന്നൽ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 7 ജില്ലകളിൽ നിന്നായി ആകെ 4513 ലിറ്റർ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി. ഒന്നര ആഴ്ച മുമ്പ് നടത്തിയ പരിശോധനകളിൽ 16,565 ലിറ്റർ വെളിച്ചെണ്ണ പിടികൂടിയിരുന്നു. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് ഓണക്കാല പരിശോധനകൾക്ക് പുറമേ പ്രത്യേക പരിശോധനകൾ കൂടി നടത്തിയത്. പരിശോധനകൾ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
വിവിധ ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധനകൾ നടത്തിയത്. പത്തനംതിട്ട 300 ലിറ്റർ, ഇടുക്കി 107 ലിറ്റർ, തൃശൂർ 630 ലിറ്റർ, പാലക്കാട് 988 ലിറ്റർ, മലപ്പുറം 1943 ലിറ്റർ, കാസർഗോഡ് 545 ലിറ്റർ എന്നിങ്ങനെയാണ് സംശയാസ്പദമായ വെളിച്ചെണ്ണ പിടിച്ചെടുത്തത്. മലപ്പുറം ചെറുമുക്കിലെ റൈസ് & ഓയിൽ മില്ലിൽ നിന്നും സമീപത്തുള്ള ഗോഡൗണിൽ നിന്നുമായി 735 ലിറ്റർ സംശയാസ്പദമായ വെളിച്ചെണ്ണ പിടിച്ചെടുത്തു. വയനാട് നിന്നും 2 സ്റ്റാറ്റിയൂട്ടറി സാമ്പിൾ ശേഖരിച്ചെങ്കിലും സംശയാസ്പദമായ വെളിച്ചെണ്ണ കണ്ടെത്താനായില്ല. ആകെ 20 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 3 സർവൈലൻസ് സാമ്പിളുകളും ശേഖരിച്ചു. ശക്തമായ തുടർനടപടികൾ സ്വീകരിക്കുന്നതാണ്.
ഭക്ഷണ വസ്തുക്കളിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണ്. പൊതുജനങ്ങൾക്ക് വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികൾ ടോൾഫ്രീ നമ്പരായ 1800 425 1125 ലേക്ക് അറിയിക്കാം.