സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
മഴ തുടരും, അതിനേക്കാൾ ചൂടും

തിരുവനന്തപുരം : വേനൽ മഴ തുടരുന്നതിനിടയിലും സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്നലെ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നും ചൂട് കൂടാനാണ് സാധ്യത. അതേസമയം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 - 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. നാളെ മുതൽ ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്.
ഇന്നലെ രാത്രി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ തുടങ്ങിയ ജില്ലകളിൽ മഴ ലഭിച്ചിരുന്നു. ഇന്നും എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.