സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപകമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
വ്യാഴാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപകമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വെള്ളിയാഴ്ച അതിശക്തമായ മഴയ്ക്കും ഇന്നു മുതൽ ഞായറാഴ്ച വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും വ്യാഴാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിൽ സ്ഥിതിചെയ്യുന്ന അതിതീവ്ര ന്യൂനമർദം വ്യാഴാഴ്ച രാവിലെയോടെ സൗരാഷ്ട്ര കച്ച് തീരത്തിനു സമീപം വടക്ക് കിഴക്കൻ അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്.മധ്യ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദ പാത്തി സ്ഥിതിചെയ്യുന്നു. വ്യാഴാഴ്ചയോടെ മധ്യ കിഴക്കൻ / വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യുനമർദം രൂപപ്പെട്ട് വടക്കൻ ആന്ധ്രാപ്രദേശ് -തെക്കൻ ഒഡീഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.അതേസമയം, കേരള - ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയും; കർണാടക തീരത്ത് ഇന്നുമുതൽ ശനിയാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.