10, 12 ക്ലാസുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സിബിഎസ്ഇ
പ്രവേശനത്തിനും വിഷയമാറ്റത്തിനും അപേക്ഷകൾക്കുമുള്ള സമയപരിധി കർശനമായി പാലിക്കണമെന്നും നിർദേശത്തിൽ

ന്യൂഡൽഹി : 2025-26 അധ്യയന വർഷത്തേക്കുള്ള 10, 12 ക്ലാസുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ). പ്രവേശനത്തിനും വിഷയമാറ്റത്തിനും അപേക്ഷകൾക്കുമുള്ള സമയപരിധി കർശനമായി പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.10, 12 ക്ലാസുകളിലേക്കുള്ള നേരിട്ടുള്ള പ്രവേശനം സ്കൂളുകൾക്ക് 2025 ഓഗസ്റ്റ് 31 വരെ മാത്രമേ നടത്താൻ കഴിയൂ. ആവശ്യമായ രേഖകൾ സമാഹരിച്ച് രണ്ട് ക്ലാസുകളുടേയും പട്ടിക 2025 സെപ്റ്റംബർ 2-നകം അതത് സിബിഎസ്ഇ റീജിയണൽ ഓഫീസിലേക്ക് അയക്കണം.
റീജിയണൽ ഓഫീസുകൾക്ക് അംഗീകാരം നൽകാനുള്ള അവസാന തീയതി 2025 സെപ്റ്റംബർ 15 ആണ്. സർക്കാർ സർവീസിലുള്ള രക്ഷിതാവിന് സ്ഥലംമാറ്റം ഉണ്ടാകുന്നതിനാൽ ഓഗസ്റ്റ് 31-ന് ശേഷം പ്രവേശനം തേടുന്ന വിദ്യാർത്ഥികൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവർ പ്രവേശനത്തിന്റെ രണ്ട് ദിവസത്തിനകം രേഖകൾ ഇ- ഹർക്കാര പോർട്ടൽ വഴി ബന്ധപ്പെട്ട റീജിയണൽ ഓഫീസിൽ എത്തിയ്ക്കണമെന്നാണ് നിർദേശം.10, 12 ക്ലാസുകളിലെ വിഷയമാറ്റത്തിനുള്ള അപേക്ഷകളും 2025 ഓഗസ്റ്റ് 31-നകം തീർപ്പാക്കണം, സ്കൂളുകൾ സമാഹരിച്ച രേഖകൾ 2025 സെപ്റ്റംബർ 2-നകം റീജിയണൽ ഓഫീസുകളിലേക്ക് അയക്കണം. ഈ അപേക്ഷകൾക്കും 2025 സെപ്റ്റംബർ 15-നകം അംഗീകാരം നൽകണം.
ഓഗസ്റ്റ് 31-ന് ശേഷം നേരിട്ടുള്ള പ്രവേശനത്തിന്റെയോ വിഷയമാറ്റത്തിന്റെയോ ഒരു ഫയലും സ്കൂളുകൾ പരിഗണിക്കരുതെന്ന് ബോർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.