അപൂർവ രോഗങ്ങൾക്ക് സജീവ പരിചരണം സർക്കാർ ലക്ഷ്യം, കെയർ പദ്ധതി സർക്കാരിൻ്റെ നൈതിക ബാധ്യത: ആരോഗ്യമന്ത്രി വീണ ജോർജ്ജ്

Mar 16, 2025
അപൂർവ രോഗങ്ങൾക്ക് സജീവ പരിചരണം സർക്കാർ ലക്ഷ്യം, കെയർ പദ്ധതി സർക്കാരിൻ്റെ നൈതിക ബാധ്യത: ആരോഗ്യമന്ത്രി വീണ ജോർജ്ജ്
care scheme

തിരുവനന്തപുരം: സംസ്ഥാന സർക്കാർ അപൂർവ രോഗ പ്രതിരോധ രംഗത്ത് നടപ്പാക്കിയ കെയർ (Kerala United Against Rare Diseases) പദ്ധതി സംസ്ഥാന സർക്കാരിൻ്റെ നൈതിക ബാധ്യതയുടെ തെളിവാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. ഇന്ത്യൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ ഉപവിഭാഗമായ പീഡിയാട്രിക് ന്യൂറോളജി, ന്യൂറോമസ്കുലാർ ഡിസോർഡർ മാനേജ്മെന്‍റ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിലെയും വിദേശത്തെയും 100-ലധികം പ്രമുഖ ന്യൂറോളജിസ്റ്റുകളും ഗവേഷകരും പങ്കെടുത്ത, തിരുവനന്തപുരത്തെ ഗ്രാൻഡ് ഹയാറ്റിൽ നടന്ന ‘അഡ്വാൻസസ് ഇൻ ന്യൂറോമസ്കുലാർ ഡിസോർഡേഴ്സ് – APND 2025’ കോൺഫറൻസ് വിജയകരമായി സമാപിച്ചു. ന്യൂറോ-മസ്കുലാർ രോഗങ്ങൾക്കും നവീന ചികിത്സാ മാർഗങ്ങൾക്കും ഊന്നൽ നൽകിയാണ് APND 25 സമ്മേളനം സംഘടിപ്പിച്ചത്. ന്യൂറോ-മസ്കുലാർ രോഗങ്ങളുടെ വിവിധ ഘട്ടങ്ങളും നൂതന ചികിത്സാ മാർഗങ്ങളും കോൺഫറൻസ് ആഴത്തിൽ ചർച്ച ചെയ്തു. രോഗികൾക്ക് തടസമില്ലാതെ ചികിത്സ ലഭ്യമാക്കുന്നതിന് പോളിസികൾ രൂപീകരിക്കേണ്ടതിന്റെ ആവശ്യകത വിവിധ രാജ്യങ്ങളിലെ മാതൃകാ നയങ്ങൾ അവലംബിച്ച് വിലയിരുത്തി. 20-ലധികം ഗവേഷണ പ്രബന്ധങ്ങളും വിഷയങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു.


എസ്എംഎ പോലുള്ള അപൂർവ രോഗബാധിതരായ സർവസാധാരണക്കാർക്കും സൗജന്യചികിത്സ നൽകാനുള്ള ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോയതെന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ പിന്തുണയോടെയാണ് കെയർ പദ്ധതി വിജയകരമായി മുന്നേറുന്നത്. രോഗങ്ങൾ അപൂർവ്വമായിരിക്കാം, എന്നാൽ പരിചരണം അപൂർവ്വമാകരുത് എന്നതാണ് സർക്കാരിൻ്റെ നയം. വെറും മരുന്നുകളിൽ ഒതുങ്ങുന്നതല്ല കെയർ പദ്ധതി. ഫിസിയോതെറാപ്പി, കൗൺസിലിംഗ്, പോഷകസഹായവും ഇതിലൂടെ ഉറപ്പാക്കുന്നു. പദ്ധതി സർക്കാരിൻ്റെ നൈതിക ബാധ്യതയാണെന്നും മന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കി.എന്നാൽ ഇത് സർക്കാരിൻ്റെ മാത്രം പദ്ധതിയല്ല.  എസ്എംഎ പോലെയുള്ള അപൂർവരോഗങ്ങൾക്കായി സന്നദ്ധ സംഘടനകളും വ്യക്തികളും മുന്നോട്ട് വരണം. ഓരോ ജീവനും വിലപ്പെട്ടതാണ്. അത് സംരംക്ഷിക്കുന്നതിനായി നമുക്ക് കൈകോർക്കാമെന്നും വീണ ജോർജ്ജ് പറഞ്ഞു.  

ന്യൂറോ-മസ്കുലാർ രോഗങ്ങൾക്കും നവീന ചികിത്സാ മാർഗങ്ങൾക്കും ഊന്നൽ നൽകിയാണ് APND 25 സമ്മേളനം സംഘടിപ്പിച്ചത്. അപൂർവ രോഗികൾ നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ചടക്കം സമഗ്രമായ ചർച്ച കോൺഫറൻസിൽ നടന്നു. ജീൻ തെറാപ്പിയിലടക്കം ചികിത്സാ രംഗത്തെ പുതിയ നേട്ടങ്ങൾ, ചികിത്സാ ചെലവ് കുറയ്ക്കാനുള്ള വഴികൾ, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിൻ്റെ സാധ്യത, കേരള മോഡൽ മറ്റ് സംസ്ഥാനങ്ങളിൽ പ്രതിധ്വനിപ്പിക്കുന്നതിനുള്ള നയത്തിൻ്റെ ആവശ്യകത, ദേശീയ ആരോഗ്യ നയം നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിൽ കോൺഫറൻസിൽ വിശദമായ ചർച്ച നടന്നു.


ചടങ്ങിൽ പ്രൊഫ.കെ.രാജശേഖരൻ നായർ, പ്രൊഫ.കെ.ആനന്ദം എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ.തോമസ് മാത്യു, തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ലിന്നറ്റ് മോറിസ്, ആരോഗ്യ വകുപ്പിലെ നോഡൽ ഓഫീസർ ഡോ.യു.ആർ.രാഹുൽ, കോൺഫറൻസ് സംഘാടക സമിതി ചെയർമാൻ ഡോ.കെ.പി.വിനയൻ, സംഘാടക സമിതി സെക്രട്ടറി ഡോ.മേരി ഐപ് എന്നിവർ സംസാരിച്ചു. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.