കാന്‍സര്‍ മരുന്ന് വില വെട്ടിക്കുറച്ചു
ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്‌ക്കുന്നത് പരിശോധിക്കാന്‍ മന്ത്രിതല സമിതിയെ നിയോഗിച്ചു.
ന്യൂദല്‍ഹി: കാന്‍സര്‍ മരുന്നുകളുടെ വില കേന്ദ്ര സര്‍ക്കര്‍ കുത്തനെ കുറച്ചു. ഇവയുടെ ചരക്കു സേവന നികുതി (ജിഎസ്ടി) 12ല്‍ നിന്ന് അഞ്ചു ശതമാനമാക്കി. ഹെല്‍ത്ത്-ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്‌ക്കുന്നതില്‍ നവംബറിലെ കൗണ്‍സില്‍ യോഗം തീരുമാനമെടുക്കും, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇന്നലെ ന്യൂദല്‍ഹിയില്‍ 54-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്‌ക്കുന്നത് പരിശോധിക്കാന്‍ മന്ത്രിതല സമിതിയെ നിയോഗിച്ചു. നിലവില്‍ 18 ശതമാനമാണ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ജിഎസ്ടി. കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകള്‍ക്കു ലഭിക്കുന്ന ഗവേഷണ വികസന (ആര്‍ ആന്‍ഡ് ഡി) ഗ്രാന്റിന്റെ ജിഎസ്ടി ഒഴിവാക്കി.
പായ്‌ക്കറ്റുകളിലാക്കിയ ഏതാനും ലഘുഭക്ഷണങ്ങളുടെയും നികുതി 18 ശതമാനത്തില്‍ നിന്ന് പന്ത്രണ്ടാക്കി കുറച്ചു. ഷെയറിങ് അടിസ്ഥാനത്തില്‍ തീര്‍ത്ഥാടനത്തിനും വിനോദ സഞ്ചാരത്തിനും ഉപയോഗിക്കുന്ന ഹെലിക്കോപ്റ്ററുകളുടെ ജിഎസ്ടി അഞ്ചു ശതമാനമാക്കി. നേരത്തേ 18 ശതമാനമായിരുന്നു. ചാര്‍ട്ടേഡ് ഹെലിക്കോപ്റ്റര്‍ സേവനങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കും.
2,000 രൂപയ്‌ക്കു താഴെയുള്ള ഇടപാടുകളില്‍ നിന്ന് ഓണ്‍ലൈന്‍ പേയ്‌മെന്റ് സേവനദാതാക്കള്‍ നേടുന്ന വരുമാനത്തിന് 18% ജിഎസ്ടി ഈടാക്കണമെന്ന നിര്‍ദേശം തത്കാലം നടപ്പാക്കില്ല. ഇക്കാര്യം പരിശോധിക്കാന്‍ ഫിറ്റ്‌മെന്റ് കമ്മിറ്റിക്ക് കൈമാറിയെന്ന് ഉത്തരാഖണ്ഡ് ധനമന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ പറഞ്ഞു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമായിരിക്കും തീരുമാനം. 2,000 രൂപയ്‌ക്കു താഴെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകളിന്മേലുള്ള വരുമാനത്തിന് 18% ജിഎസ്ടി ഏര്‍പ്പെടുത്തുന്നത് അടുത്ത യോഗത്തില്‍ പരിഗണിക്കും.
കാര്‍ സീറ്റിനുള്ള ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കിയേക്കും. ടൂവീലര്‍ സീറ്റുകളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് കുറയ്‌ക്കണമെന്ന ആവശ്യം കൗണ്‍സില്‍ അംഗീകരിച്ചില്ല.
നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രമന്ത്രി പങ്കജ് ചൗധരി, ഗോവ, മേഘാലയ മുഖ്യമന്ത്രിമാര്‍, അരുണാചല്‍ പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, തെലങ്കാന ഉപമുഖ്യമന്ത്രിമാര്‍, മറ്റു സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാര്‍, ധനകാര്യ വകുപ്പ് ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വില കുറഞ്ഞ കാന്‍സര്‍ മരുന്നുകള്‍
- ട്രസ്റ്റുസുമാബ് ഡെറുസ്റ്റികാന്‍
(ബ്രസ്റ്റ് കാന്‍സറിനുള്ള മരുന്ന്) 100 എംജി വയല്‍ (ഇപ്പോഴത്തെ വില 12,000 രൂപ) - ഒസിമേര്‍ ടിനിബ് (ശ്വാസകോശ കാന്‍സര്‍) ബോട്ടിലിന് 5500 രൂപ
- ഡര്‍വാലുമാബ് (കീമോതെറാപ്പിക്കുള്ള മരുന്ന്) വയലിന് 5000 രൂപ