പ്രൗഢോജ്ജ്വലമായി 79-ാം സ്വാതന്ത്ര്യ ദിനാഘോഷം: മുഖ്യമന്ത്രി പതാക ഉയർത്തി
പ്രൗഢോജ്ജ്വലമായി 79-ാം സ്വാതന്ത്ര്യ ദിനാഘോഷം: മുഖ്യമന്ത്രി പതാക ഉയർത്തി വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു

തിരുവനന്തപുരം:സ്വാതന്ത്ര്യത്തിന്റെ അഭിമാനവും ആവേശവും വാനോളമുയർത്തി സായുധസേനകളും സായുധേതര വിഭാഗങ്ങളും താളബദ്ധമായ ചുവടുകളോടെ പരേഡിന് അണിനിരന്നപ്പോൾ 79-ാം സ്വാതന്ത്ര്യദിനാഘോഷം പ്രൗഢോജ്ജ്വലമായി. രാവിലെ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തി.
വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. പരേഡ് കമാൻഡർ അച്യുത് അശോകിന്റെ നേതൃത്വത്തിൽ മലബാർ സ്‌പെഷ്യൽ പോലീസ്, സ്‌പെഷ്യൽ ആംഡ് പോലീസ്, കെ എ പി, കേരള ആംഡ് വുമൺ പോലീസ് ബറ്റാലിയൻ, ഇന്ത്യ റിസർവ് ബറ്റാലിയൻ, റാപിഡ് റെസ്പോൺസ് ആൻഡ് റെസ്‌ക്യു ഫോഴ്‌സ്, ജയിൽ, എക്‌സൈസ്, വനം വകുപ്പുകൾ, തിരുവനന്തപുരം സിറ്റി പോലീസ്, തമിഴ്നാട് പോലീസ് മറ്റ് വിഭാഗങ്ങളായ കേരള ഫയർ ആൻഡ് റെസ്‌ക്യു സർവീസസ്എ, മോട്ടോർ വാഹന വകുപ്പ്, എൻ.സി.സി, സ്‌കൗട്ട്സ്, ഗൈഡ്സ്, സൈനിക് സ്‌കൂൾ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, അശ്വാരൂഢ സേന, തമിഴ്‌നാട് പോലീസ് സേനയുടെ പ്രത്യേക പ്ലറ്റുൺ തുടങ്ങിയവർ പരേഡിൽ പങ്കെടുത്തു. തുടർന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകി. പരേഡിൽ സായുധസേനാ വിഭാഗങ്ങളുടെയും സായുധേതര വിഭാഗങ്ങളുടെയും പ്ലറ്റൂണുകൾ അണിനിരന്നു. ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ് എന്നിവ പരേഡിന് താളമേകി.
രാവിലെ 8.59 ന് എത്തിയ മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകും സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖറും ചേർന്ന് സ്വീകരിച്ചു. ദേശീയ പതാക ഉയർത്തിയ ശേഷം മുഖ്യമന്ത്രി അഭിവാദനം സ്വീകരിച്ചു. പതാക ഉയർത്തിയ ഉടനേ വ്യോമസേന ഹെലികോപ്റ്ററിൽ നിന്ന് പുഷ്പവൃഷ്ടി നടന്നു. തുടർന്ന് പരേഡ് കമാൻഡർക്കൊപ്പം മുഖ്യമന്ത്രി പരേഡ് പരിശോധിച്ചു. ശേഷം മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലുകൾ, രാഷ്ട്രപതിയുടെ കറക്ഷണൽ സർവീസ് മെഡലുകൾ എന്നിവയ്ക്ക് അർഹരായവർക്കും മറ്റ് പുരസ്കാരങ്ങൾ നേടിയവർക്കും മുഖ്യമന്ത്രി മെഡലുകൾ സമ്മാനിച്ചു. സ്വാതന്ത്ര്യദിന പരേഡിൽ മികവുകാട്ടിയ പ്ലറ്റൂണുകൾക്കുള്ള പുരസ്‌കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. എൻ സി സി അശ്വാഭ്യാസം, ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർഥികൾ ദേശഭക്തിഗാനാലാപനം എന്നിവ നടന്നു. മന്ത്രി ജി ആർ അനിൽ, എം എൽ എമാരായ ആന്റണി രാജു, കടകം പള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, സംസ്ഥാന പോലീസ് മേധാവി റവാഡ എ ചന്ദ്രശേഖർ, ജില്ലാ കളക്ടർ അനുകുമാരി എന്നിവർ സംബന്ധിച്ചു