സമഗ്രമായ ശബരിമല ആത്മീയ ടൂറിസം തീർത്ഥാടന പദ്ധതി നടപ്പിലാക്കണം: ആത്മീയ ടൂറിസം സർക്യൂട്ട് ചർച്ച

ശബരിമല തീർത്ഥാടനവുമായി ബന്ധപെട്ട വിവിധ മത തീർത്ഥാടന കേന്ദ്രങ്ങളെ ഉൾപ്പെടുത്തി സമഗ്രമായ ശബരിമല ആത്മീയ ടൂറിസം തീർത്ഥാടന പദ്ധതി നടപ്പിലാക്കാൻ ആഗോള അയ്യപ്പ സംഗമത്തിലെ ആത്മീയ ടൂറിസം സർക്യൂട്ട് എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ആവശ്യമുയർന്നു.
നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി ശബരിമലയെ ആത്മീയ ടൂറിസം കേന്ദ്രമാക്കി മാറ്റി ഭക്തർക്ക് സുഖമമായ ദർശനം ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണം. ചർച്ചയിൽ ഉയർന്ന നിർദേശങ്ങൾ സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും നൽകുമെന്ന് പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ചർച്ചയിലെ മോഡറേറ്ററുമായ ടി കെ എ നായർ പറഞ്ഞു.
കേരള ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു, കേരള ട്രാവൽ മാർട്ട് സെക്രട്ടറി എസ് സ്വാമിനാഥൻ, ധനലക്ഷ്മി ബാങ്ക് ചെയർമാൻ കെ എൻ മധുസൂദനൻ എന്നിവരായിരുന്നു പാനലിസ്റ്റുകൾ. ആത്മീയ ടൂറിസം സർക്യൂട്ടിന്റെ ഭാഗമായി ശബരിമലയെ ഉയർത്തിയാൽ പ്രാദേശികമായി ഇത് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് വഴിയൊരുക്കുമെന്ന് ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു.
ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി പ്രദേശവാസികൾക്ക് ഹോം സ്റ്റേകൾ തയ്യാറാക്കിയും തീർത്ഥാടകർക്കായി ഗൈഡുകളായി പ്രവർത്തിച്ചും വരുമാനം നേടാൻ സാധിക്കും. തീർത്ഥാടകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പുവരുത്താൻ കൂടുതൽ ഹരിത-പരിസ്ഥിതി സൗഹൃദ പദ്ധതികളും ശബരിമലയിൽ നടപ്പിലാക്കണം. നാഷണൽ ഹൈവേ ലോജിസ്റ്റിക്സ് മാനേജ്മെന്റ് ലിമിറ്റഡിൻ്റെ സഹായത്തോടെ തീർഥാടകർക്കായി റോപ് വേ പദ്ധതി നടപ്പിലാക്കാനുള്ള സാധ്യതകൾ പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ തീർത്ഥാടകർക്കായുള്ള വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തമ്മിൽ ഏകോപനവും സഹകരണവും ഉണ്ടാകണം എന്ന് ധനലക്ഷ്മി ബാങ്ക് ചെയർമാൻ കെ എൻ മധുസൂദനൻ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ തീർത്ഥാടകർ കൂടുതലായി കേരളത്തിലേക്ക് എത്തുമ്പോൾ ഗവൺമെൻറ് അംഗീകാരമുള്ള വെജിറ്റേറിയൻ റസ്റ്റോറന്റുകൾ കൂടുതലായി കേരളത്തിൽ വേണം--അദ്ദേഹം പറഞ്ഞു.
പരിസ്ഥിതിക്ക് കോട്ടം വരാത്ത രീതിയിൽ നല്ല സൗകര്യങ്ങൾ തീർത്ഥാടകർക്ക് ഉറപ്പാക്കണം. ശബരിമലയുമായി ബന്ധപ്പെട്ടുള്ള തീർത്ഥാടക കേന്ദ്രങ്ങളെയും, സംസ്ഥാനത്തെ സാംസ്കാരിക കേന്ദ്രങ്ങളും, ഇക്കോ ടൂറിസം കേന്ദ്രങ്ങളും ബന്ധപ്പെടുത്തി ഒരു തീർത്ഥാടന ടൂറിസം സർക്യൂട്ട് നടപ്പിലാക്കണമെന്ന് കേരള ട്രാവൽ മാർട്ട് സെക്രട്ടറി എസ് സ്വാമിനാഥൻ ചർച്ചയിൽ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും കേരളത്തിലെയും യുവതലമുറയ്ക്ക് ശബരിമലയെ കൂടുതൽ അറിയുന്നതിനും ഇതിന്റെ മഹത്വം മനസ്സിലാക്കുന്നതിനും നവമാധ്യമങ്ങളിലൂടെ അവസരങ്ങൾ ഒരുക്കണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളിലേക്ക് ശബരിമലയുടെ പ്രാധാന്യം എത്തിക്കുന്നതിന് വിവിധ പദ്ധതികൾ നടപ്പിലാക്കണം.
നിർമ്മിത ബുദ്ധിയുടെ സഹായത്താൽ ക്യൂ, പാർക്കിംഗ്, തിരക്ക് എന്നിവ നിയന്ത്രിക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കണം. ഇനിയുള്ള വർഷങ്ങളിൽ കൂടുതൽ തീർത്ഥാടകർ എത്തുന്നതിനാൽ ഗതാഗത സൗകര്യങ്ങളും ശുചിത്വ സംവിധാനങ്ങളും വിപുലമായ രീതിയിൽ നടപ്പിലാക്കണം ഇങ്ങനെയുള്ള വിവിധ അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമാണ് ചർച്ചയിൽ ഉയർന്നത്.
ആഗോള അയ്യപ്പ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചർച്ചകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഉയർന്നുവന്ന ആവശ്യങ്ങളും നിർദ്ദേശങ്ങളും സംസ്ഥാന സർക്കാരിന് കൈമാറുമെന്നും ചർച്ചകൾക്ക് മികച്ച അനന്തര ഫലമുണ്ടാകുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എ.അജികുമാർ ചർച്ചയിൽ പറഞ്ഞു.