ശബരിമലയെ തീർത്ഥാടക ഭൂപടത്തിൽ ശ്രദ്ധേയ കേന്ദ്രമാക്കി ലോകത്തിനുമുമ്പിൽ അവതരിപ്പിക്കുക അയ്യപ്പ സംഗമത്തിന്റെ ലക്‌ഷ്യം :മുഖ്യമന്ത്രി

Sep 20, 2025
ശബരിമലയെ തീർത്ഥാടക ഭൂപടത്തിൽ ശ്രദ്ധേയ കേന്ദ്രമാക്കി ലോകത്തിനുമുമ്പിൽ അവതരിപ്പിക്കുക അയ്യപ്പ സംഗമത്തിന്റെ ലക്‌ഷ്യം :മുഖ്യമന്ത്രി
ayyappa sangamom
പമ്പ :മധുര- തിരുപ്പതി മാതൃകയിൽ ശബരിമലയെ തീർത്ഥാടക ഭൂപടത്തിൽ ശ്രദ്ധേയ കേന്ദ്രമാക്കി ലോകത്തിനുമുമ്പിൽ അവതരിപ്പിക്കുക അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമാണ്.

തീർത്ഥാടകർക്ക് എന്താണ് വേണ്ടത് എന്നത് സർക്കാരോ ദേവസ്വം ബോർഡോ ഏകപക്ഷീയമായി സങ്കൽപിച്ച് നടപ്പിലാക്കുകയല്ല വേണ്ടത്. ഭക്തജനങ്ങളിൽ നിന്നുതന്നെ മനസ്സിലാക്കി വേണ്ടതു ചെയ്യണം. ഈ ബോധ്യത്തോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ഇങ്ങനെയൊരു സംഗമം നടത്തുന്നത്. വർഷങ്ങൾ നീണ്ട ആലോചനയ്ക്കും ചർച്ചകൾക്കും ശേഷമാണ് ഇത്തരമൊരു പരിപാടിയിലേക്ക് എത്തിയത്.


ഓരോ വർഷവും ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ  വർദ്ധനയ്ക്കനുസരിച്ച് സുഗമമായ യാത്രാസൗകര്യം, പാർക്കിങ്ങ്, ശുദ്ധജലലഭ്യത, സാനിറ്റേഷൻ സംവിധാനങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ, ചികിത്സാ സൗകര്യങ്ങൾ എല്ലാം വേണം. ഇവ പ്രകൃതിയുടെ മനോഹാരിതയ്ക്ക് കോട്ടം തട്ടാതെയും, പരിസ്ഥിതിക്ക് പോറലേൽപ്പിക്കാതെയും ആവണം. എരുമേലി അടക്കമുള്ള സമീപപ്രദേശങ്ങളും ഇതിന്റെ ഭാഗമായി വികസിപ്പിക്കണം.

2050 വരെയുള്ള വികസന സാധ്യതകൾ മുന്നിൽക്കണ്ടാണ് കാര്യങ്ങൾ നീക്കുന്നത്. ശബരിമല, പമ്പ, പരമ്പരാഗത പാത, നിലയ്ക്കൽ എന്നിവയുടെ സമഗ്ര വികസനമാണ് മാസ്റ്റർപ്ലാൻ ലക്ഷ്യമിടുന്നത്. 2022-2027 വരെയുള്ള ആദ്യ ഘട്ടത്തിന് 600.47 കോടി രൂപയും, 2028-2033 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടി രൂപയും 2034-2039 വരെയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉൾപ്പെടെ, ആകെ 778.17 കോടി രൂപയാണ് ലേ ഔട്ട് പ്ലാൻ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്.ട്രാൻസിറ്റ് ക്യാമ്പായിട്ടാണ് പമ്പയെ ലേ ഔട്ട് പ്ലാനിൽ വിഭാവനം ചെയ്തിട്ടുള്ളത്. തീർത്ഥാടകർക്ക് സന്നിധാനത്തേക്ക് കയറുന്നതിനും സന്നിധാനത്തു നിന്നു തിരിച്ചിറങ്ങുന്നതിനും ഒരു പ്രത്യേക സർക്കുലേഷൻ റൂട്ട് പിന്തുടരുന്നുവെന്ന് ഉറപ്പാക്കി അതുവഴി ഭാവിയിൽ ഉണ്ടായേക്കാവുന്ന തിരക്ക് ഒഴിവാക്കുവാനുതകുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. പമ്പയുടെ വികസനത്തിനായി 2022-2027 വരെയുള്ള ആദ്യ ഘട്ടത്തിന് 184.75 കോടി രൂപയും 2028-2033 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടി രൂപയും ഉൾപ്പെടെ ആകെ 207.48 കോടി രൂപയും, ട്രെക്ക് റൂട്ടിന്റെ വികസനത്തിനായി 2022-2025 വരെയുള്ള ആദ്യ ഘട്ടത്തിന് 32.88 കോടി രൂപയും 2024-2026 വരെയുള്ള രണ്ടാം ഘട്ടത്തിന് 15.09 കോടി രൂപയും ഉൾപ്പെടെ ആകെ 47.97 കോടി രൂപയുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, ട്രെക്ക് റൂട്ട് എന്നിവയുടെ വികസനത്തിനായി ലേ ഔട്ട് പ്ലാനുകൾ പ്രകാരം ആകെ ചെലവ് കണക്കാക്കുന്നത് 1,033.62 കോടി രൂപയാണ്.

പമ്പ ഗണപതിക്ഷേത്രം മുതൽ പമ്പ ഹിൽടോപ്പ് വരെ പമ്പാ നദിക്കുകുറുകെ നിർമ്മിക്കുന്ന സുരക്ഷാപാലം, നിലയ്ക്കൽ ഇടത്താവളത്തിലെ കോർ ഏരിയയുടെ വികസനം. കുന്നാറിൽ നിന്നും ശബരിമല സന്നിധാനത്തേക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ, നിലയ്ക്കൽ ഇടത്താവളത്തിലെ റോഡുകളുടെയും അനുബന്ധ പാലങ്ങളുടെയും നിർമ്മാണം, ശബരിമല സന്നിധാനത്തെ തീർത്ഥാടന സൗകര്യ കേന്ദ്രം, തന്ത്രിമഠം, പ്രസാദ നിർമ്മാണ-വിതരണ സമുച്ചയം എന്നിവയുടെ നിർമ്മാണം, ശബരിമല സന്നിധാനത്ത് അഗ്‌നിശമന സംവിധാനങ്ങൾ ഏർപ്പെടുത്തുന്ന പ്രവൃത്തി, കൂടാതെ ശബരിമല സന്നിധാനത്തെ തീർത്ഥാടക നിർഗമന പാലം, നിലയ്ക്കൽ ഇടത്താവളത്തിലെ ജലസ്രോതസ്സുകളുടെ സംരക്ഷണവും പരിപാലനവും എന്നിവയ്ക്കായി വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.

ഇത്തരം കാര്യങ്ങളെപ്പറ്റി ഒരു തുറന്ന ചർച്ച നടത്തുന്നതിൽ, ശബരിമലയുടെ വികസനം ആഗ്രഹിക്കുന്നവർ എതിർക്കേണ്ട കാര്യമില്ല. എതിർക്കുന്നവരുടെ ഉള്ളിലിരുപ്പ് എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എല്ലാവരുടേയും അഭിപ്രായങ്ങൾ കേട്ടും, അവരെ ഉൾക്കൊണ്ടും, അവരെയെല്ലാം ചേർത്തുപിടിച്ചുമാണ് നമ്മൾ ശബരിമലയുടെ വികസനം ഉറപ്പാക്കുന്നതെന്നും  ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് അയ്യപ്പസംഗമം നടത്തുന്നതെന്നും മുഖ്യമന്ത്രി  പറഞ്ഞു.

ക്ഷേത്രഭരണം വിശ്വാസികൾക്ക് വിട്ടുകൊടുത്ത് സർക്കാർ പിന്മാറണം എന്ന വാദം ചില കോണുകളിൽ നിന്നുയരുന്നുണ്ട്. ആരും നോക്കാനില്ലാതെ നാശോന്മുഖമാകുന്ന നില വന്നപ്പോഴാണ് ബോർഡുകളും മറ്റ് ഭരണസംവിധാനങ്ങളും നിലവിൽ വന്നത്. അതോടെയാണ് തകർച്ചയിലായ ഒരുപാട് ക്ഷേത്രങ്ങൾ ഉദ്ധരിക്കപ്പെട്ടത്. ക്ഷേത്ര ജീവനക്കാർക്കു കൃത്യമായി ശമ്പളം ഉറപ്പായത്.

2019 ലെ കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ദേവസ്വം ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പോലും വിഷമത്തിലായ ഘട്ടത്തിൽ 140 കോടി രൂപയുടെ ധനസഹായമാണ് സർക്കാർ ബോർഡിനു നൽകിയത്. മരാമത്ത് പണികൾക്കായി 123 കോടി രൂപയും ലഭ്യമാക്കി. ഇത്തരം സത്യങ്ങൾ പലരും കണ്ടില്ലെന്നു നടിക്കുന്നു. ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് വിട്ടുകൊടുക്കണമെന്നു പറയുന്നവർ സർക്കാർ സഹായമില്ലാത്ത പഴയകാല ദുരിതാവസ്ഥയിലേക്കു ക്ഷേത്രങ്ങൾ തിരിച്ചുപോകണം എന്നാണോ ആഗ്രഹിക്കുന്നത് എന്നു വിശ്വാസികൾ തിരിച്ചു ചോദിക്കണം. ദേവസ്വം ബോർഡിന്റെ വരുമാനം സർക്കാർ കൈക്കലാക്കുന്നുവെന്ന വ്യാജപ്രചാരണം ചിലർ ഇപ്പോഴും നടത്തുന്നുണ്ട്. സർക്കാർ ഒരു പൈസ പോലും എടുക്കുന്നില്ലെന്നു മാത്രമല്ല, ദേവസ്വം ബോർഡിന് സർക്കാർ അങ്ങോട്ടു പണം നൽകുക കൂടി ചെയ്യുന്നു. അതുകൊണ്ടാണ് താരതമ്യേന തുച്ഛവരുമാനം മാത്രമുള്ള എത്രയോ ക്ഷേത്രങ്ങളിൽ ഇന്നും അന്തിത്തിരി തെളിയുന്നത്. അവിടങ്ങളിലെ ക്ഷേത്ര ജീവനക്കാർ പട്ടിണിയിലാകാത്തത്.
ശബരിമല മാസ്റ്റർ പ്ലാൻ പ്രവൃത്തികൾ ആരംഭിച്ച 2011-2012 മുതൽ നാളിതുവരെ 148.5 കോടിയോളം രൂപ സർക്കാർ വിവിധ വികസന പദ്ധതികൾക്കായി ചെലവഴിച്ചിട്ടുണ്ട്. 2016-17 മുതൽ 2025 വരെ, ദേവസ്വം സ്ഥാപനങ്ങളുടെ ആധുനികവത്ക്കരണത്തിനും വികസനത്തിനുമായി ആകെ 650 കോടിയോളം രൂപയാണ് സർക്കാർ അനുവദിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് 145 കോടി രൂപ, കൊച്ചിൻ ദേവസ്വം ബോർഡിന് 26 കോടി രൂപ, മലബാർ ദേവസ്വം ബോർഡിന് 305 കോടി രൂപ, കൂടൽമാണിക്യം ദേവസ്വത്തിന് 4 കോടി രൂപ, ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് 21 കോടി രൂപ, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് മൂന്നരക്കോടി രൂപ, ഹിന്ദുധർമ്മ സ്ഥാപന ഭരണ വകുപ്പിന് 28 കോടി രൂപ എന്നിങ്ങനെയാണ് ദേവസ്വം ബോർഡുകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും അനുവദിച്ച തുക. കഴിഞ്ഞ നാലര വർഷത്തിലായി ദേവസ്വം ബോർഡുകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കുമായി 232 കോടി രൂപയാണ് അനുവദിച്ചത്. ഇങ്ങനെ സർക്കാർ അങ്ങോട്ടു കൊടുക്കുന്നത് കാണാതെയാണ് സർക്കാർ പണം കൊണ്ടുപോവുകയാണ് എന്ന് ആക്ഷേപിക്കുന്നത്.

സമാനമായ കള്ളപ്രചാരവേലയാണ് സർക്കാർ ന്യൂനപക്ഷസംഗമവും നടത്താൻ പോകുന്നു എന്നത്. ഐക്യകേരള രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലി വർഷമായ 2031ൽ കേരളം എങ്ങനെയൊക്കെ വികസിച്ചു മുന്നോട്ടുപോകണം എന്നതിനെപ്പറ്റി സർക്കാർ ആലോചിക്കുന്നുണ്ട്.  ഇതിനോടനുബന്ധിച്ച് കേരളത്തിന്റെ ഇതുവരെയുള്ള വികസന പ്രവർത്തനങ്ങൾ വിലയിരുത്തുകയും, അതിന്റെ അടിസ്ഥാനത്തിൽ ഭാവിപ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നതിനായി ഒക്ടോബർ മാസത്തിൽ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ 33 സെമിനാറുകൾ നടത്തുന്നുണ്ട്. ഓരോ വകുപ്പിന്റെയും ചുമതലയുള്ള

മന്ത്രിയുടെ  നേതൃത്വത്തിലായിരിക്കും ഈ സെമിനാറുകൾ നടത്തുക. 33 സെമിനാറുകളിൽ ഒന്നു മാത്രമാണ് ന്യൂനപക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നത്. എന്നാൽ, അതുമാത്രം അടർത്തിയെടുത്ത് വസ്തുതാവിരുദ്ധമായി പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാകുമോ  എന്നാണ് ഒരു കൂട്ടരുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേവസ്വം, സഹകരണം, തുറമുഖം വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷനായ ചടങ്ങിൽ തമിഴ്‌നാട് ഹിന്ദുമത  ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു, ഐടി വകുപ്പ് മന്ത്രി പളനിവേൽ ത്യാഗരാജൻ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു.

മന്ത്രിമാരായ  പി.പ്രസാദ്,  റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻ കുട്ടി, എ കെ ശശീന്ദ്രൻ,  വീണാ ജോർജ്, സജി ചെറിയാൻ, സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എംഎൽഎമാരായ കെ യു ജനീഷ് കുമാർ, പ്രമോദ് നാരായൺ, കടകംപള്ളി സുരേന്ദ്രൻ, കെ.ടി. ജലീൽ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, റവന്യൂ - ദേവസ്വം  സെക്രട്ടി എം.ജി രാജമാണിക്യം, ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ, പത്തനംതിട്ട നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ, റാന്നി പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനൻ, ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എ അജികുമാർ, പി ഡി സന്തോഷ് കുമാർ, മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, നായർ സർവീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് എം. സംഗീത് കുമാർ, കേരള പുലയർ മഹാസഭ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, കേരള ബ്രാഹ്‌മണ സഭ പ്രതിനിധി കരിമ്പുഴ രാമൻ, വ്യവസായി ഗോകുലം ഗോപാലൻ, സംഗീതജ്ഞരായ കൈതപ്രം ദാമോദരൻ നമ്പൂതിരി, കെ. ഓമനക്കുട്ടി തുടങ്ങിയവർ പങ്കെടിത്തു. മുഖ്യമന്ത്രി പിണറായി വിജയന് ദേവസ്വം, സഹകരണം, തുറമുഖം വകുപ്പ് മന്ത്രി വി എൻ വാസവനും ദേവസ്വം ബോർഡ് പ്രസിഡന്റും ചേർന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉപഹാരവും സമ്മാനിച്ചു.
 
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.