ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും
രാവിലെ 10ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഇത്തവണത്തെ ഉത്സവം ആരംഭിക്കും.

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഇന്നലെ നേരിട്ടെത്തി പൊങ്കാല ഒരുക്കങ്ങള്‍ വിലയിരുത്തി. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താനും,ലഹരി വില്‍പ്പന തടയാനും ഇക്കുറി പ്രത്യേക ജാഗ്രതയുണ്ടാകും. ഭക്തരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നും അവലോകന യോഗം വിലയിരുത്തി.
കടുത്ത വേനല്‍ പ്രതീക്ഷിക്കുന്നതിനാല്‍ ഭക്തര്‍ക്ക് ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും ഉറപ്പ് വരുത്തും. കൂടുതല്‍ ഗതാഗത-ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, മെഡിക്കല്‍ സംവിധാനം ഉറപ്പ് വരുത്താനും പ്രത്യേക നിര്‍ദേശമുണ്ട്. ഈ മാസം പതിമൂന്നിനാണ് ആറ്റുകാല്‍ പൊങ്കാല. പൊങ്കാലയോട് അനുബന്ധിച്ചു ഇതിനോടകം തന്നെ വിപണി സജീവമാണ്. നഗരസഭയുടെ വിവിധ സ്‌ക്വാഡുകള്‍ പരിശോധനകള്‍ ഉള്‍പ്പടെ ആരംഭിച്ചിട്ടുണ്ട്.
രാവിലെ 10ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഇത്തവണത്തെ ഉത്സവം ആരംഭിക്കും. വൈകീട്ട് 6-ന് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിതാ പ്രമോദ് നിര്‍വഹിക്കും. ആറ്റുകാല്‍ അംബാ പുരസ്‌കാരം ഡോ.കെ.ഓമനക്കുട്ടിക്ക് സമര്‍പ്പിക്കും. തിരക്ക് നിയന്ത്രിക്കാന്‍ ഇക്കുറി പ്രത്യേക ക്യൂ സൗകര്യമുണ്ടാകും. എല്ലാ വകുപ്പുകളെയും ഏകീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും സജ്ജമായി കഴിഞ്ഞു.