ആശാ വർക്കർമാർ സമരം കടുപ്പിക്കുന്നു; ഇന്ന് കൂട്ട ഉപവാസം
ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം നാൽപ്പത്തിമൂന്നാം ദിവസവും തുടരുകയാണ്

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് പടിക്കൽ ആശാ വർക്കർമാർ നടത്തുന്ന സമരം കടുപ്പിക്കുന്നു. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് കൂട്ട ഉപവാസം നടത്തും.സമരപ്പന്തലിലെ ആശമാർക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാർ അറിയിച്ചു. നിലവിൽ മൂന്ന് പേർ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവർക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക.നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ സംഘടനകളിലുള്ളവർ സമരവേദിയില്‍ എത്തുമെന്ന് കെഎഎച്ച്ഡബ്യൂഎ നേതാക്കൾ പറഞ്ഞു
ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം നാൽപ്പത്തിമൂന്നാം ദിവസവും തുടരുകയാണ്. മൂന്നാം ഘട്ടമായുള്ള അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു.