കായികരംഗത്തെ മികവ് അടിസ്ഥാനമാക്കി പ്ലസ്‌വൺ പ്രവേശനത്തിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി
ഏകജാലകംവഴി പ്രവേശനത്തിന് അപേക്ഷിച്ചവർ ഇതിനായി പ്രത്യേകം അപേക്ഷ നൽകണം.മേയ് 30-ന് വൈകീട്ട് നാലുവരെ ഇതിനുള്ള ലിങ്ക് ലഭ്യമാകും
തിരുവനന്തപുരം: കായികരംഗത്തെ മികവ് അടിസ്ഥാനമാക്കി പ്ലസ്‌വൺ പ്രവേശനത്തിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി. ഏകജാലകംവഴി പ്രവേശനത്തിന് അപേക്ഷിച്ചവർ ഇതിനായി പ്രത്യേകം അപേക്ഷ നൽകണം.ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റിൽ ബുധനാഴ്ച മുതലാണ് സ്പോർട്‌സ് ക്വാട്ട അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. മേയ് 30-ന് വൈകീട്ട് നാലുവരെ ഇതിനുള്ള ലിങ്ക് ലഭ്യമാകും.അപേക്ഷയുടെ ആദ്യഘട്ടമായി കായികമികവിന്റെ സർട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങൾ നൽകി ജില്ലാ സ്പോർട്സ് കൗൺസിലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഇവർ സ്പോർട്സ് കൗൺസിലിൽ സർട്ടിഫിക്കറ്റുകൾ നേരിട്ടുഹാജരാക്കുമ്പോൾ സ്‌കോർ കാർഡ് ലഭിക്കും. ഈ കാർഡുമായാണ് സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കേണ്ടത്.വിവിധ ജില്ലകളിലെ സ്‌പോർട്‌സ് കൗൺസിലുകളിലായി ബുധനാഴ്ച വൈകീട്ടുവരെ 244 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജില്ലാ സ്പോർട്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്കും പ്രവേശന വെബ്‌സൈറ്റിലുണ്ട്. മുഖ്യഘട്ടത്തിൽ രണ്ടും ഒരു സപ്ലിമെന്ററി അലോട്‌മെന്റും ഉൾപ്പെടുന്നതാണ് സ്പോർട്‌സ് ക്വാട്ട പ്രവേശനം.ജൂൺ അഞ്ചിനാണ് ആദ്യ അലോട്‌മെന്റ്. ജൂൺ 19 -ന് രണ്ടാം അലോട്‌മെന്റും. സപ്ലിമെന്ററി അലോട്‌മെന്റ് 28-നാണ്.