മെയിന്റനന്‍സ് ട്രൈബ്യൂണലിലെ കണ്‍സിലിയേഷന്‍ പാനലിലേക്ക് അപേക്ഷിക്കാം
ട്രൈബ്യുണലിലെ പരാതികള്‍ തീര്‍പ്പാക്കുന്നതിനും അന്വേഷണം നടത്തുന്നതിനുമാണ് പാനല്‍ രൂപീകരിക്കുന്നത്

മലപ്പുറം : മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ളെ നിയമം-2007 പ്രകാരം തിരൂര്‍ സബ് കളക്ടര്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മെയിന്റനന്‍സ് ട്രൈബ്യൂണലിലെ കണ്‍സിലിയേഷന്‍ പാനല്‍ പുതുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ട്രൈബ്യുണലിലെ പരാതികള്‍ തീര്‍പ്പാക്കുന്നതിനും അന്വേഷണം നടത്തുന്നതിനുമാണ് പാനല്‍ രൂപീകരിക്കുന്നത്. അപേക്ഷകര്‍ മുതിര്‍ന്ന പൗരന്‍മാരുടയും ദുര്‍ബല വിഭാഗക്കാരുടെയും ക്ഷേമത്തിനു വേണ്ടിയോ, വിദ്യാഭ്യാസം ആരോഗ്യം, ദാരിദ്ര ലഘൂകരണം, സ്ത്രീ ശാക്തീകരണം, സാമൂഹ്യക്ഷേമം, ഗ്രാമ വികസനം എന്നീ മേഖലകളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയും പരാതിക്കാരുമായും എതിര്‍കക്ഷികളുമായും സൗഹാര്‍ദ്ദപരമായും വിവേചന രഹിതമായും ഇടപെടാന്‍ കഴിവുള്ളവരും ആയിരിക്കണം. കൺസിലിയേഷൻ ഓഫീസർമാർ മുഖേന തീർപ്പാക്കുന്ന കേസുകൾക്ക് 1,000 രൂപ വീതം ഹോണറേറിയം മാത്രമാണ് നിലവിൽ അനുവദിച്ചു വരുന്നത്. അപേക്ഷകർ വ്യക്തമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, സേവനമേഖലയിലെ പരിചയം എന്നിവ ഉൾപ്പെടുത്തി ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ, മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസിലേക്ക് ജൂലൈ 31 വൈകീട്ട് അഞ്ചിനകം പി.ഡി.എഫ് ഫോർമാറ്റിൽ [email protected] എന്ന വിലാസത്തിലോ, നേരിട്ടോ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483-2735324