കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷിച്ച് അമ്മയാന
ഇല്ലിത്തോട്ടിലെ കിണറ്റിൽ വീണ കുട്ടിയാനയെ അമ്മയാന രക്ഷപ്പെടുത്തി
കൊച്ചി: എറണാകുളം മലയാറ്റൂർ ഇല്ലിത്തോട്ടിലെ കിണറ്റിൽ വീണ കുട്ടിയാനയെ അമ്മയാന രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് ഇല്ലിത്തോട് പണ്ടാല സ്വദേശി സാജുവിന്റെ വീടിനോട് ചേർന്നുള്ള കിണറ്റിൽ കുട്ടിയാന വീണത്. ഇതോടെ മറ്റ് കാട്ടാനകൾ കിണറിന്റെ പരിസരത്ത് തുടരുകയായിരുന്നു. നാട്ടുകാരെത്തി ബഹളം വച്ചെങ്കിലും കാട്ടാനകൾ പരിസരത്ത് തുടർന്നു. ഒടുവിൽ കുട്ടിയാനയെ അമ്മയാന തന്നെ വലിച്ച് കരയ്ക്ക് കയറ്റുകയായിരുന്നു.
കുട്ടിയാന പുറത്തെത്തിയതിന് പിന്നാലെ കാട്ടാനക്കൂട്ടം കാടുകയറി. വീട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് വനംവകുപ്പ് സംഭവസ്ഥലത്ത് എത്തിയിരുന്നു. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്നും നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം മുഴക്കി നാട്ടുകാർ സ്ഥലത്ത് പ്രതിഷേധിക്കുന്നുണ്ട്.