സ്ഥിരമായി നിയമലംഘനങ്ങള്‍ നടത്തുന്ന ഡ്രൈവര്‍മാരെ കണ്ടെത്തി നടപടിയെടുക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്

പട്ടികയില്‍ പേര് വരുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കാനാണ് ഇപ്പോള്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കുന്നത്

Dec 14, 2024
സ്ഥിരമായി നിയമലംഘനങ്ങള്‍ നടത്തുന്ന ഡ്രൈവര്‍മാരെ കണ്ടെത്തി നടപടിയെടുക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്
action-against-drivers-who-regularly-violate-the-law

തിരുവനന്തപുരം:സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ സ്ഥിരമായി നിയമലംഘനങ്ങള്‍ നടത്തുന്ന ഡ്രൈവര്‍മാരെ കണ്ടെത്തി നടപടിയെടുക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്. ഇത്തരത്തില്‍ നിയമലംഘനങ്ങള്‍ നടത്തുന്ന ഡ്രൈവര്‍മാരുടെ പട്ടിക തയാറാക്കാന്‍ ആര്‍.ടി.ഒമാര്‍ക്ക് ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കി. പട്ടികയില്‍ പേര് വരുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കാനാണ് ഇപ്പോള്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കുന്നത്.സംസ്ഥാനത്തുടനീളമുള്ള നിയമലംഘകരായ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി നാല് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. നിലവില്‍ ഇത്തരം പരിശീലനം നല്‍കുന്ന മോട്ടോര്‍വാഹന വകുപ്പിന്റെ എടപ്പാളിലെയും കളമശ്ശേരിയിലെയും കേന്ദ്രങ്ങള്‍ക്ക് പുറമെ, കെ.എസ്.ആര്‍.ടി.സിയുമായി സഹകരിച്ച് അവര്‍ക്കുള്ള കേന്ദ്രത്തില്‍ കൂടി നിയമലംഘകരെ പരിശീലിപ്പിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.

എ.ഐ. ക്യാമറയില്‍ ഉള്‍പ്പെടെ കുടുങ്ങിയിട്ടുള്ളവരുടെയും ഗതാഗത നിയമലംഘനത്തിന് ഒന്നിലധികം തവണ പിഴയൊടുക്കിയിട്ടുള്ളവരുടെയും പേരുകളാണ് മോട്ടോര്‍വാഹന വകുപ്പ് കണ്ടെത്തുന്നത്. ആദ്യഘട്ടത്തില്‍ ഇവരുടെ പട്ടിക തയാറാക്കുകയും പിന്നീട് പരിശീലനത്തിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയും ചെയ്യാനാണ് നിര്‍ദേശം. കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും ഇത്തരം സ്ഥിരം നിയമലംഘകര്‍ക്ക് പരിശീലനം നല്‍കാനാണ് തീരുമാനം.പരിശീലന പരിപാടികള്‍ക്ക് പുറമെ, മോട്ടോര്‍വാഹന വകുപ്പും പോലീസുമായി ചേര്‍ന്ന് അപകടങ്ങളും നിയമലംഘനങ്ങളും തടയുന്നതിനുള്ള വിവിധ കര്‍മപരിപാടികളും ഒരുക്കുമെന്നാണ് സൂചന. ഇതിനൊപ്പം വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്ന ഡ്രൈവര്‍മാരുടെ യൂണിയനുകളുമായി ചേര്‍ന്ന് ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനുള്ള പരിശീലനവും ഇത് സംബന്ധിച്ച ബോധവത്കരവും നല്‍കാനും മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി 4000 ആളുകളാണ് റോഡ് അപകടങ്ങളില്‍ മരിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ എം.വി.ഡി-പോലീസ് വകുപ്പുകള്‍ സഹകരിച്ച് റോഡ് സുരക്ഷയ്ക്കായി നിരവധി യജ്ഞങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതോടെ അപകട മരണങ്ങളുടെ നിരക്ക് 3200 ആയി വരെ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.