അതിതീവ്ര മഴ സാധ്യത ; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു
തിരുവനന്തപുരം: ശക്തമായ മഴതുടരുന്നതിനാൽ കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനം നിരോധിച്ചു. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ഈരാറ്റുപേട്ട - വാഗമൺ റോഡിലെ രാത്രികാലയാത്രയും ജൂൺ 30 വരെ നിരോധിച്ച് ജില്ലാ കളക്ടർ വി.വിഗ്നേശ്വരി ഉത്തരവിട്ടു.
അടുത്ത മൂന്നു ദിവസത്തേക്ക് കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടെ ഫലമായി കേരളത്തിൽ മഴ അതിശക്തമായി തുടരും.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച കണ്ണൂര്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അരുവിക്കര, കല്ലാർകുട്ടി , ലോവർ പെരിയാർ, പാംബ്ലാ, പെരിങ്ങൽകൂത്ത് എന്നീ ഡാമുകളിൽ നിന്നും അളവിൽ ജലം പുറത്തേക്കൊഴുക്കി വിടുന്നുണ്ട്. സംസ്ഥാന - ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററുകളും താലൂക്ക് തല കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.