രാജ്യത്തെ ലൈറ്റ് ഹൌസ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും -കേന്ദ്ര മന്ത്രി ശ്രീ സർബാനന്ദ സോനാവാൾ കേരളത്തിലെ 17 ലൈറ്റ് ഹൗസുകളിൽ 11 എണ്ണവും വികസിപ്പിച്ചു
തിരുവനന്തപുരം : 2024 ജൂലൈ 11
രാജ്യത്തെ ലൈറ്റ് ഹൌസ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് കേന്ദ്ര മന്ത്രി ശ്രീ സർബാനന്ദ സോനാവാൾ.ലൈറ്റ് ഹൌസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് മേഖലയിലെ പങ്കാളികളുമായി തിരുവനന്തപുരം വിഴിഞ്ഞത്ത് നടന്ന ചർച്ചയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .ലൈറ്റ് ഹൗസ് ആകർഷണീയമായ ഒരു ആഗോള വിനോദ സഞ്ചാര കേന്ദ്രമാണ്.വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് രാജ്യത്തെ 203 ലൈറ്റ്ഹൗസുകളിൽ 75 എണ്ണം ഇതിനകം വികസിപ്പിച്ചു .ഇവിടങ്ങളിൽ കുട്ടികളുടെ കളിസ്ഥലം, ലിഫ്റ്റ് സൗകര്യം, സെൽഫി പോയിൻ്റ്, കഫറ്റീരിയ തുടങ്ങിയവ സ്ഥാപിച്ചിട്ടുണ്ട്.കേരളത്തിലെ 17 ലൈറ്റ് ഹൗസുകളിൽ 11 എണ്ണവും പദ്ധതിയുടെ ഭാഗമായി പുനരുദ്ധാരണം ചെയ്തുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു .കോവളം ലൈറ്റ്ഹൗസിൽ പ്രതിവർഷം 35 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. വിനോദസഞ്ചാര സാധ്യത കണക്കിലെടുത്ത് കൂടുതൽ ലൈറ്റ് ഹൗസുകൾ ഉടൻ വികസിപ്പിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു
.പരിപാടിയുടെ ഭാഗമായി ലൈറ്റ് ഹൌസ് പരിസരത്ത് കേന്ദ്രമന്ത്രി മരം നട്ടു .ഇന്ത്യാ ഗവൺമെൻ്റിൻ്റെ തുറമുഖ, ഷിപ്പിംഗ്, ജല ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലൈറ്റ്‌ഹൗസ് ആൻഡ് ലൈറ്റ്‌ഷിപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജല ഗതാഗത മന്ത്രാലയം അഡ്വൈസർ ശ്രീ കെ കെ നാഥ് സ്വാഗതം പറഞ്ഞു . ശ്രീ എം വിൻസെന്റ് എം എൽ എ , ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലൈറ്റ്‌ഹൗസ് ആൻഡ് ലൈറ്റ്‌ഷിപ്പ് ഡയറക്ടർ ശ്രീ എം മുരുഗാനന്ദം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .