ന്യൂഡല്‍ഹി; 2024 ജൂലൈ 12
രാജ്യത്ത് നിലവില്‍ വന്ന മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ പുതിയ ആപ്പുമായി റെയില്‍വേ സുരക്ഷാ സേന (ആര്‍.പി.എഫ്). ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്), ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത (ബി.എന്‍.എസ്.എസ്), ഭാരതീയ സാക്ഷ്യ അധീനിയം (ബി.എസ.്എ) എന്നീ മൂന്ന് ക്രിമിനല്‍ നിയമങ്ങളെക്കുറിച്ച് ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് സമഗ്രമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലാണ് റെയില്‍വേ മന്ത്രാലയത്തിന്റെ റെയില്‍വേ സുരക്ഷാ സേന സംഗ്യാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ എന്ന ഈ ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ ഈ നൂതന ആപ്പ് ലഭ്യമാകും.
പുതിയ നിയമങ്ങളില്‍ ആര്‍.പി.എഫിന്റെ പ്രവര്‍ത്തനത്തിന് പ്രസക്തമായവയേയും പുതിയ നിയമത്തിന്റെ ശരിയായ പ്രയോഗത്തെ സംബന്ധിച്ചും റെയില്‍വേ സുരക്ഷാസേനാംഗങ്ങള്‍ക്ക് വേണ്ട സഹായം ഈ സംഗ്യാന്‍ ആപ്പിലൂടെ ലഭ്യമാകും.
എവിടെയായിരുന്നാലും ബി.എന്‍.എസ്, ബി.എന്‍.എസ്.എസ്, ബി.എസ്.എ എന്നിവയുടെ ബെയര്‍ ആക്ടുകളെക്കുറിച്ച് വായിക്കാനും തിരയാനും പരിശോധിക്കാനും കഴിയുമെന്നതാണ് ഈ ആപ്പിന്റെ പ്രധാനസവിശേഷതകളില്‍ ഒന്ന്.
നിയമത്തിനുള്ളിലുള്ള പ്രത്യേക വകുപ്പുകളുടെ വിശദമായ വിശകലനവും ഇതിലൂടെ സാദ്ധ്യമാണ്.
നിയമങ്ങളിലുണ്ടായ മാറ്റത്തെക്കുറിച്ചും നിലനില്‍ക്കുന്നതിനെക്കുറിച്ചും മനസിലാക്കാന്‍ സഹായിക്കുന്നതിനായി പഴയതും പുതിയതുമായ നിയമങ്ങള്‍ തമ്മിലുള്ള താരതമ്യവും ഇതിലൂടെ നടത്താനാകും. കൂടാതെ ആര്‍.പി.എഫ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍. റെയില്‍വേ സംരക്ഷണ സേന നിയമം-1957, റെയില്‍വേ നിയമം-1989, റെയില്‍വേ പ്രോപ്പര്‍ട്ടി (നിയമവിരുദ്ധമായ കൈവശം) നിയമം-1966,1987ലെ ആര്‍.പി.എഫ് ചട്ടങ്ങള്‍ നിയമങ്ങള്‍ എന്നിവയുള്‍പ്പെടെ റെയില്‍വേ സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് അവശ്യ നിയമ നിയമങ്ങളുടെയും ചട്ടങ്ങളുടെയും പ്രാപ്യതയും ഇതിലൂടെ സാദ്ധ്യമാകുമെന്നതും ആപ്പിന്റെ സവിശേഷതയാണ്.