തിരുവനന്തപുരം :റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിഹരിക്കുന്നതിന് ബഹു റവന്യൂ വകുപ്പ് മന്ത്രി ശ്രീ.കെ.രാജന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പി.റ്റി.പി നഗറിലെ ഐ.എൽ.ഡി.എം ഹാളിൽ ചേർന്ന കോട്ടയം ജില്ലാതല റവന്യൂ അസംബ്ലിയിൽ പങ്കെടുത്ത് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ താഴെപ്പറയുന്ന വിഷയങ്ങൾ പൂഞ്ഞാർ എം എൽ എ അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ അവതരിപ്പിക്കുകയും ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു.
1. ഈരാറ്റുപേട്ട കേന്ദ്രമാക്കി പൂഞ്ഞാർ താലൂക്ക് രൂപീകരിക്കണം എന്ന ദീർഘകാലമായ ആവശ്യം മുൻനിർത്തി, മീനച്ചിൽ താലൂക്ക് വിഭജിച്ച് പൂഞ്ഞാർ താലൂക്ക്
രൂപീകരിക്കണം.
2. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ വില്ലേജ് ആയ എരുമേലി തെക്ക് വില്ലേജ് വിഭജിച്ച് മുക്കൂട്ടുതറ കേന്ദ്രമാക്കി പുതിയ വില്ലേജ് രൂപീകരിക്കണം.
3. 2022-23 സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ വേഗത്തിലാക്കണം
4. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 5 കോടി രൂപ അനുവദിച്ച് നിർമ്മിക്കുന്ന മുണ്ടക്കയം മിനി സിവിൽ സ്റ്റേഷനിൽ ഉൾപ്പെടുത്തേണ്ട ഓഫീസുകൾ ഏതൊക്കെയാണെന്ന് നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തീകരിക്കണം.
5. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളും, സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കുന്നതിന് മുന്നോടിയായി നിർമ്മാണം പൂർത്തീകരിച്ച എരുമേലി തെക്ക് വില്ലേജ് ഓഫീസ് നിയമ തടസ്സങ്ങൾ പരിഹരിച്ച് തുറന്നു പ്രവർത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം.
6. ഫണ്ട് അനുവദിക്കപ്പെട്ടിട്ടുള്ള ഈരാറ്റുപേട്ട വില്ലേജ് ഓഫീസിന്റെ നിർമ്മാണം പുനരാരംഭിക്കണം.
7. പൂഞ്ഞാർ നടുഭാഗം സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണത്തിന് ഫണ്ട് അനുവദിക്കണം.
8. എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട് വില്ലേജുകളിലെ പതിനായിരത്തോളം വരുന്ന ഹിൽമെൻ സെറ്റിൽമെന്റ് പട്ടയ അപേക്ഷകൾ പരിഗണിച്ച് പട്ടയ വിതരണം നടത്തുന്നതിന് അനുവദിച്ചിട്ടുള്ള സ്പെഷ്യൽ താഹസിൽദാർ ഓഫീസിന്റെ പ്രവർത്തനം മുണ്ടക്കയം പുത്തൻചന്തയിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിൽ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കണം. പരമാവധി വേഗത്തിൽ പുഞ്ചവയൽ , 504, കോരുത്തോട്, മടുക്ക, പനക്കച്ചിറ , കൊമ്പുകുത്തി കുഴിമാവ് ,പാക്കാനം , കാരിശ്ശേരി, ഇഞ്ചക്കുഴി, മുരിക്കും വയൽ, പുലിക്കുന്ന് , കോസടി, മഞ്ഞളരുവി, എലിവാലിക്കര, തുമരംപാറ , ഇരുമ്പൂന്നിക്കര തുടങ്ങിയ ഗ്രാമങ്ങളിലെ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ആളുകൾ ഉൾപ്പെടെയുള്ള മുഴുവൻ കൈവശ കൃഷിക്കാർക്കും പട്ടയം നൽകുന്നതിന് നടപടികൾ സ്വീകരിക്കണം.
9. പമ്പാവാലി, എയ്ഞ്ചൽ വാലി പ്രദേശങ്ങളിൽ പട്ടയം നൽകാൻ ഇനിയും അവശേഷിക്കുന്ന ആളുകൾക്ക് പട്ടയം നൽകുകയും, അപ്രകാരം നൽകിയ പട്ടയങ്ങൾ പ്രകാരമുള്ള ഭൂമിയുടെ ഫെയർ വാല്യു നിശ്ചയിക്കുന്ന നടപടികൾ അടിയന്തരമായി പൂർത്തീകരിക്കുകയും ചെയ്യുക.
10. എരുമേലി വടക്ക് വില്ലേജിൽ മുണ്ടക്കയം കീച്ചൻ പാറയിൽ ബ്ലോക്ക് നമ്പർ 26 ൽ റിസർവ്വേ നമ്പർ 400 ൽ പെട്ട 01.6500 ഹെക്ടർ തോട്ടു പുറമ്പോക്കിൽ താമസിക്കുന്ന അമ്പതോളം കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.
11. പ്രകൃതി ദുരന്തങ്ങൾ മൂലം വീടിനും മറ്റും കേടുപാടുകൾ സംഭവിക്കുമ്പോൾ വീടിനോടനുബന്ധിച്ചുള്ള സംരക്ഷണ ഭിത്തികൾ തകർന്നാൽ അവ പുനർ നിർമ്മിക്കുന്നതിന് ആവശ്യമായ നഷ്ടപരിഹാരം നൽകുന്നതിന് മാനദണ്ഡങ്ങളിൽ ഇളവ് നൽകുന്നതിന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുക
12. നിയോജകമണ്ഡലത്തിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം ഏറ്റെടുപ്പ് നടപടികൾ നടന്നുവരുന്ന വാഗമൺ റോഡ് വീതി കൂട്ടൽ , ഇടക്കുന്നം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, മാർമല ഹൈഡ്രോ ഇലക്ട്രിക്കൽ പ്രോജക്ട്, പിണ്ണാക്കനാട് 33 കെ.വി സബ്സ്റ്റേഷൻ, ഈരാറ്റുപേട്ട ബൈപ്പാസ് എന്നിവയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കുക.
13. ലാൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം പട്ടയം ലഭിച്ച ഭൂമിയിലെ പട്ടയ ഉടമകൾക്ക് അവരുടെ ഭൂമിയിൽ പട്ടയം ലഭിച്ചശേഷം നട്ട് വളർത്തിയതും കിളിർത്ത് വന്നതുമായ വൃക്ഷങ്ങൾ വെട്ടിയെടുക്കുന്നതിന് അവകാശം ഉറപ്പുവരുത്തിക്കൊണ്ട് നിയമഭേദഗതി അടിയന്തരമായി പ്രാബല്യത്തിൽ വരുത്തുക.
14. നിയോജകമണ്ഡലം അടിസ്ഥാനത്തിൽ റവന്യൂ ഓഫീസുകളുടെ ഏകോപനത്തിന് സംവിധാനം ഒരുക്കുക.
15. പി.ഡബ്ല്യു.ഡി റോഡുകൾ അതിർത്തിയായി വരുന്ന റവന്യൂ ഭൂമികളിൽ പട്ടയം നൽകുന്നതിന് പൊതുമരാമത്ത് വകുപ്പ് എൻ.ഒ.സി നൽകാത്തത് മൂലമുള്ള പ്രതിസന്ധി പരിഹരിച്ച് അപ്രകാരമുള്ള ഭൂമികൾക്കും കൈവശക്കാർക്ക് പട്ടയ ലഭ്യത ഉറപ്പാക്കുക.
16. തീക്കോയി പഞ്ചായത്തിലെ മാവടിയിൽ മനുഷ്യജീവനും, സ്വത്തിനും അപകടകരമായ രീതിയിൽ സ്ഥിതി ചെയ്യുന്ന വലിയ പാറ പൊട്ടിച്ച് നീക്കുന്നതിനുവേണ്ടി ദുരന്തനിവാരണ നിയമപ്രകാരം സ്വീകരിച്ചിട്ടുള്ള നടപടികൾ ഉടൻ നടപ്പിലാക്കുക.
17. ചെറുകിട-നാമമാത്ര കൃഷിക്കാരുടെ കൈവശ കൃഷി ഭൂമിക്ക് BTR പ്രകാരം തോട്ടം എന്ന് രേഖപ്പെടുത്തപ്പെട്ടത് മൂലം ഉണ്ടായിരിക്കുന്ന കർഷകർ അനുഭവിക്കുന്ന വലിയ പ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യമായ നിയമ ഭേതഗതികൾ വരുത്തി തോട്ടം-പുരയിടം വിഷയം ശാശ്വതമായി പരിഹരിക്കുക.
18. എരുമേലിയിൽ ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള 6 ഏക്കർ സ്ഥലം ഉപയുക്തമാക്കി ശബരിമല തീർത്ഥാടകർക്ക് സഹായകരമാകുന്ന സംവിധാനങ്ങൾ ഒരുക്കുക.
19. എരുമേലി വടക്ക് വില്ലേജ് ഓഫീസിനോടാനുബന്ധിച്ച് അമരാവതിയിൽ റവന്യൂ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന അംഗൻവാടിയോടനുബന്ധിച്ചുള്ള 10 സെന്റ് സ്ഥലം പുതിയ അംഗൻവാടി നിർമ്മിക്കുന്നതിനായി വനിതാ- ശിശുവികസന വകുപ്പിന് വിട്ടു നൽകുന്നതിന് നടപടികൾ സ്വീകരിക്കണം.
20. എരുമേലി ഗ്രാമപഞ്ചായത്തിന്റെ അധീനതയിൽ ഓരുങ്കൽതടത്തുള്ള ബ്ലോക്ക് നമ്പർ 23ല് റീസർവേ നമ്പർ 1- ൽ പെട്ട 27.38 ആർ സ്ഥലം എരുമേലി ഫയർഫോഴ്സ് ഓഫീസ് സ്ഥാപിക്കുന്നതിനും, എരുമേലി എക്സൈസ് ഓഫീസ് സ്ഥാപിക്കുന്നതിനും വേണ്ടി വിട്ടു നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സ്ഥലങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് വിട്ടു നൽകണം.
21. എരുമേലി ശബരി ഗ്രീൻഫീൽഡ് എയർപോർട്ടിന് വേണ്ടി സ്ഥലം ഏറ്റെടുപ്പിന് മുന്നോടിയായിട്ടുള്ള സാമൂഹ്യ ആഘാത പഠനത്തിന് പുതിയ ഏജൻസിയെ നിശ്ചയിച്ച് പഠനം നടത്തി തുടർ നടപടികൾ ത്വരിതപ്പെടുത്തി സ്ഥലം ഏറ്റെടുപ്പു നടപടികൾ പൂർത്തീകരിക്കണം.
22. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പ്രകൃതി ദുരന്തസാധ്യത മൂലം സുരക്ഷിത മനുഷ്യവാസത്തിന് യോഗ്യമല്ല എന്ന് ദുരന്തനിവാരണ വകുപ്പ് കണ്ടെത്തിയ 247 കുടുംബങ്ങൾക്ക് പകരം ഭൂമിയും, വീടും വാങ്ങുന്നതിന് ആവശ്യമായ 10 ലക്ഷം രൂപ പ്രകാരം അടിയന്തരമായി അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
23. നദികളിൽ അടിഞ്ഞു കൂടിയിട്ടുള്ള മണ്ണും, മണലും, എക്കലും, ചെളിയും മറ്റും നീക്കം ചെയ്ത് നദികളിലെ നീരൊഴുക്ക് സുഗമമാക്കുകയും അതുവഴി വെള്ളപ്പൊക്ക സാഹചര്യം ലഘൂകരിക്കുകയും ചെയ്യുക.
24. ദുരന്തനിവാരണ വകുപ്പിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഒരു കാലാവസ്ഥ മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കുക.
മേൽപ്പറഞ്ഞ ആവശ്യങ്ങളാണ് റവന്യൂ അസംബ്ലിയിൽ ഉന്നയിച്ചത്. ഇവയിൽ പലതിന്റെയും പരിഹാര നടപടികൾ ആരംഭിച്ചു കഴിഞ്ഞു. പരമാവധി കഴിയുന്ന എല്ലാ വിഷയങ്ങളും അനുഭവപൂർവം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു. യോഗത്തിൽ കോട്ടയം ജില്ലയിലെ മറ്റ് എംഎൽഎമാർ,റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഐഎഎസ്, ലാൻഡ് റവന്യൂ കമ്മീഷണർ ഡോ.എ.കൗഷിഗൻ ഐഎഎസ്, ഡെപ്യൂട്ടി ലാൻഡ് റവന്യൂ കമ്മീഷണർ ഗീത IAS, സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടർ ഡി. സാംബശിവ റാവു ഐഎഎസ്, കോട്ടയം ജില്ലാ കളക്ടർ വി.വിഘ്നേശ്വരി ഐഎഎസ് ഉൾപ്പെടെ ഉന്നത റവന്യൂ ഉദ്യോഗസ്ഥരും സംബന്ധിച്ചു.