5-ാം കാർഗിൽ വിജയ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ജൂലൈ 26നു കാർഗിൽ സന്ദർശിക്കും
തന്ത്രപ്രധാനമായ ഷിങ്കുൻ ലാ തുരങ്കപദ്ധതിക്കായുള്ള ആദ്യ സ്ഫോടനം പ്രധാനമന്ത്രി നിർവഹിക്കും
ലേയിലേക്ക് എല്ലാ കാലാവസ്ഥയിലും ഈ പദ്ധതി സമ്പർക്കസൗകര്യമൊരുക്കും
നിർമാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കമായി ഇതു മാറും
25-ാം കാർഗിൽ വിജയദിനത്തോടനുബന്ധിച്ച്, 2024 ജൂലൈ 26നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാർഗിൽ യുദ്ധസ്മാരകം സന്ദർശിക്കും. രാവിലെ 9.20ഓടെ സ്മാരകം സന്ദർശിക്കുന്ന പ്രധാനമന്ത്രി കർത്തവ്യനിർവഹണത്തിനിടെ പരമോന്നത ത്യാഗം ചെയ്ത ധീരർക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കും. ഷിങ്കുൻ ലാ തുരങ്കപദ്ധതിക്കായുള്ള ആദ്യ സ്ഫോടനവും വെർച്വലായി പ്രധാനമന്ത്രി നിർവഹിക്കും.
ഷിങ്കുൻ ലാ തുരങ്ക പദ്ധതിയിൽ നിമ്മു - പദും - ദാർച്ച റോഡിൽ ഏകദേശം 15,800 അടി ഉയരത്തിൽ നിർമിക്കുന്ന 4.1 കിലോമീറ്റർ നീളമുള്ള ഇരട്ടക്കുഴൽ തുരങ്കം ഉൾപ്പെടുന്നു. ഇതു ലേയിലേക്ക് എല്ലാ കാലാവസ്ഥയിലും സമ്പർക്കസൗകര്യമൊരുക്കും. പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കമായി ഇതു മാറും. ഷിങ്കുൻ ലാ തുരങ്കം നമ്മുടെ സായുധ സേനകളുടെയും ഉപകരണങ്ങളുടെയും വേഗത്തിലുള്ളതും കാര്യക്ഷമവുമായ നീക്കം ഉറപ്പാക്കുക മാത്രമല്ല, ലഡാക്കിലെ സാമ്പത്തിക-സാമൂഹ്യ വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.