ജൂലൈ ഒന്ന് മുതൽ സിം പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നുവോ ? എങ്കിൽ നിയമങ്ങളൊക്കെ മാറി

ന്യൂഡൽഹി: രാജ്യത്ത് ടെലികോം രംഗത്ത് പല പുതിയ നിയമങ്ങളും നയ മാറ്റങ്ങളും നിരന്തരം നടത്തി കൊണ്ടിരിക്കുകയാണ് ട്രായ്. ഉപഭോക്താക്കളുടെ ക്ഷേമം ഉറപ്പാക്കാനും തട്ടിപ്പുകൾ പരമാവധി തടയാനും ലക്ഷ്യമിട്ടാണ് ഇവയിൽ ഭൂരിഭാഗങ്ങളും പരിഷ്‌കാരങ്ങളും ട്രായ് നടപ്പാക്കുന്നത്. അത്തരത്തിൽ മൊബൈൽ നമ്പർ പോർട്ടബിലിറ്റിയിലും പുതിയ നിയമങ്ങളുമായി ട്രായ് രംഗത്ത് വന്നിരിക്കുകയാണ്..പലർക്കും പെട്ടെന്ന് കേട്ടാൽ മനസിലാവില്ലെങ്കിലും ഈ സൗകര്യം കൂടുതൽ പേർ പ്രയോജനപ്പെടുത്തുന്നുണ്ട് ഇപ്പോൾ. ട്രായ് പ്രഖ്യാപിച്ച ഏറ്റവും പുതിയ എംഎൻഎപി നയ പ്രകാരമാണ് പോർട്ട് ചെയ്യുന്നവരെ കാത്ത് പുതിയ നിയമങ്ങൾ വരുന്നത്. ഈ എംഎൻപി നിയമം ജൂലൈ ഒന്ന് മുതൽ രാജ്യത്തെ എല്ലാ സർക്കിളുകളിലും നടപ്പിലായേക്കും.
പുതിയ നിയമങ്ങൾ ഇങ്ങനെ
പുതിയ ചട്ടങ്ങൾ പ്രകാരം മൊബൈൽ നമ്പർ പോർട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണിക് പോർട്ടിങ് കോഡ് അഥവാ യുപിസിയിൽ കർശനമായ നിയന്ത്രണങ്ങളാണ് കൊണ്ട് വന്നിരിക്കുന്നത്. മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ അപേക്ഷ നൽകിയാൽ അപേക്ഷകന് ലഭിക്കുന്ന കോഡാണ് യുപിസി. ടെലികോം സേവന ദാതാവിനെ മാറ്റുമ്പോഴും, സിം മാറ്റി എടുക്കുമ്പോഴുണ് ഈ കോഡാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് യുപിസിയിൽ ട്രായ് പിടിമുറുക്കുന്നത്.
ജൂലൈ 1 മുതൽ മൊബൈൽ നമ്പർ മാറ്റാതെ പുതിയ സിം കാർഡ് എടുത്തതിന് ശേഷം ഏഴ് ദിവസം കഴിഞ്ഞ് മാത്രമേ യുപിസി ലഭിക്കൂ. ഇത്തരത്തിൽ കാലതാമസം വരുന്നത് തട്ടിപ്പുകൾ തടയാനും, പോർട്ടബിലിറ്റി നടപടിക്രമങ്ങളിൽ സുരക്ഷിതത്വം വർധിപ്പിക്കാനും സഹായകമാകും എന്നാണ് വിലയിരുത്തൽ. അതേസമയം 3ജി നെറ്റ്‌വർക്കിൽ നിന്നും 4ജി, 5ജി എന്നിവയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന് നിയന്ത്രണങ്ങളില്ല.
അതേസമയം, രാജ്യത്ത് സിം സ്വാപ്പിങ് തട്ടിപ്പ് വ്യാപകമായതാണ് ചട്ടങ്ങളിൽ മാറ്റം വരുത്താൻ ട്രായിയെ പ്രേരിപ്പിച്ച ഘടകം. യഥാർത്ഥ സിംകാർഡ് ഉടമ അറിയാതെ ഫോൺ നമ്പർ മറ്റൊരു സിമ്മിലേക്ക് മാറ്റുകയും അതിലേക്ക് വരുന്ന ഒടിപി ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകൾ നടത്തുകയുമാണ് രീതി. അതുകൊണ്ട് തന്നെയാണ് നിയമം കൂടുതൽ കർശനമാക്കാൻ ടെലികോം അതോറിറ്റി തീരുമാനിച്ചത്