മെഡിക്കൽ കോളജ് ഭൂഗർഭപാത ഓണത്തിന് തുറക്കും

Jul 26, 2024
മെഡിക്കൽ കോളജ് ഭൂഗർഭപാത ഓണത്തിന് തുറക്കും

കോട്ടയം: മെഡിക്കൽ കോളജിലേക്ക് പ്രവേശിക്കുന്നതിനുള്ള ഭൂഗർഭപാത ഓണത്തിന് ഉദ്ഘാടനം ചെയ്യുമെന്ന് സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ.  കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂഗർഭ പാതയ്ക്കുള്ളിൽ ലൈറ്റുകൾ അടക്കം സജ്ജീകരിച്ച് മനോഹരമായാണു നിർമാണം പൂർത്തിയാക്കുന്നത്. മേൽക്കൂര കൂടി പണിത് ഭൂഗർഭപാതയിലൂടെയെത്തുന്നവർക്കു ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ സൗകര്യപ്രദമായി എത്തുന്നതിനുള്ള സംവിധാനം മെഡിക്കൽ കോളജ് വികസന സമിതി ഒരുക്കണം. ഭൂഗർഭപാതയിൽ 24 മണിക്കൂറും സുരക്ഷാജീവനക്കാരെ നിയോഗിക്കുന്നതിനുള്ള സംവിധാനവും ആശുപത്രി വികസന സമിതി ഒരുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ആശുപത്രി വികസനസമിതി ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം സംബന്ധിച്ച ശമ്പളപരിഷ്‌കരണ ഉപസമിതിയുടെ ശിപാർശകൾക്കും യോഗം അംഗീകാരം നൽകി. 2024 ജനുവരി പ്രാബല്യത്തിൽ ശമ്പളപരിഷ്‌കരണം നടപ്പാക്കാനാണ് നിർദേശം.  
ആശുപത്രി വികസനസമിതിക്കു കീഴിൽ പ്രവർത്തിക്കുന്ന പേയിങ് കൗണ്ടറിൽ ന്യായവില മെഡിക്കൽ ഷോപ്പിൽ മരുന്നുകളും സർജറി ഉപകരണങ്ങളും വാങ്ങുന്നതിന് ഇ ടെൻഡർ മുഖേന റേറ്റ് കോൺട്രാക്ട് രൂപീകരിച്ചു നടപ്പാക്കും. പർച്ചേസുകൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായി സോഷ്യൽ ഓഡിറ്റ് നടപ്പാക്കും.
 ആശുപത്രിവികസനസമിതി, ന്യായവില മെഡിക്കൽ കൗണ്ടർ എന്നിവയുടെ ഓഡിറ്റർമാരുടെ കാലാവധി കഴിഞ്ഞതിനാൽ പുതിയ ഓഡിറ്റർമാരെ നിയമിക്കുന്നതിന് താൽപര്യപത്രം ക്ഷണിക്കും. ജീവനക്കാർക്ക് വിഷു, ദു:ഖവെള്ളി, ബക്രീദ് ദിവസങ്ങളിൽ നിയന്ത്രിതഅവധി അനുവദിക്കുന്നതിനുള്ള ശിപാർശയും യോഗം അംഗീകരിച്ചു. ആശുപത്രിയിലെത്തുന്ന സന്ദർശകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സബ് കമ്മിറ്റി ശിപാർശ ചെയ്ത നിരക്കുകൾ അംഗീകരിച്ചു.
മെഡിക്കൽ കോളജ് ക്യാമ്പസിനുള്ളിലെ ആറു കുടുംബശ്രീ കഫേകളുടെ പ്രവർത്തനം ആശുപത്രിവികസനസമിതിയും കുടുംബശ്രീയും നിർദിഷ്ട കുടുംബശ്രീ യൂണിറ്റും തമ്മിലുള്ള ത്രികക്ഷി ധാരണയുടെ അടിസ്ഥാനത്തിൽ തുടരും. നിലവിൽ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനുള്ള സാങ്കേതികതടസങ്ങൾ നീക്കും.
ഇന്റർവെൻഷണൽ റേഡിയോളജി, ക്രിട്ടിക്കൽ കെയർ, കാർഡിയാക് അനസ്‌തേഷ്യ എന്നീ വിഭാഗങ്ങളിൽ ഒരു വർഷത്തെ ഫെലോഷിപ്പിന് ഡോക്ടർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള സാമ്പത്തിക ബാധ്യത ആശുപത്രിവികസനസമിതി ഏറ്റെടുക്കുന്നതിനും യോഗത്തിൽ അംഗീകാരമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ആശുപത്രി വികസനസമിതി അധ്യക്ഷനായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പലും ആശുപത്രി വികസനസമിതി ഉപാധ്യക്ഷനുമായ ഡോ. വർഗീസ് പി. പുന്നൂസ്, ആശുപത്രി വികസനസമിതി സെക്രട്ടറിയും മെഡിക്കൽ കോളജ് സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാർ എന്നിവർ സംസാരിച്ചു. ആശുപത്രി വികസന സമിതിയംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഫോട്ടോക്യാപ്ഷൻ:
കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ പ്രസംഗിക്കുന്നു.  

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.