എല്‍.പി.ജി കണക്ഷന്‍ ബയോ മസ്റ്ററിംഗിന് തിരക്കുകൂട്ടേണ്ടതില്ലെന്ന് അധികൃതര്‍

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടര്‍ ഉപയോഗിക്കുന്നവര്‍ ബയോ മസ്റ്ററിംഗ് നടത്തണമെന്ന നിര്‍ദ്ദേശം കണക്ഷന്‍ എടുത്തത് യഥാര്‍ത്ഥ ഉടമകള്‍ തന്നെയെന്ന് ഉറപ്പുവരുത്താനാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മസ്റ്ററിങ് സംബന്ധിച്ച് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഏജന്‍സികള്‍ മുഖേനയും കമ്പനികളുടെ ആപ്പ് വഴിയും മസ്റ്ററിങ് നടത്താം. കണ്ണിന്റെ കൃഷ്ണമണി സ്‌കാന്‍ ചെയ്യാനും വിരലടയാളം പതിക്കാനുമുള്ള ബയോമെട്രിക് ഉപകരണങ്ങള്‍ ഏജന്‍സികള്‍ സജ്ജമാക്കും. മസ്റ്ററിങിന് ചെല്ലുമ്പോള്‍ കണ്‍സ്യൂമര്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ എന്നിവ കൈയില്‍ കരുതണം. ഏജന്‍സി ജീവനക്കാര്‍ വീടുകള്‍ എത്തുമ്പോഴും മസ്റ്ററിങ് നടത്താമെന്ന് അധികൃതര്‍ അറിയിച്ചു. ഉപഭോക്താവ് മരിക്കുകയോ നാട്ടിലില്ലാതിരിക്കുകയോ ആണെങ്കില്‍ കാര്‍ഡിലുള്ള മറ്റൊരാളുടെ പേരിലേക്ക് കണക്ഷന്‍ മാറ്റണം.