കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി
തിരുവനന്തപുരം:
*ഗവ. ആർട്‌സ് കോളേജ് ശതാബ്ദി ആഘോഷ പരിപാടികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കാലഘട്ടത്തിനനുസരിച്ചുള്ള നവീകരണത്തിലൂടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലുള്ള ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ഗവ. ആർട്‌സ് കോളജ് ശതാബ്ദി ആഘോഷ പരിപാടികൾ ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിന്റെ ഭാഗമായാണ് നാല് വർഷ ബിരുദ കോഴ്‌സുകൾക്ക് തുടക്കം കുറിച്ചത്. പഠനത്തോടൊപ്പം ജോലിയും നൈപുണ്യവും മെച്ചപ്പെടുത്തുന്നതിനൊപ്പം അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സുകൾ തെരഞ്ഞടുക്കാനും വിദ്യാർത്ഥിക്ക് സാധിക്കുന്നു. കേരളത്തിൽ ഉന്നത വിദ്യാഭ്യാസത്തിനായി വിവിധ സർവകലാശാലകളിൽ ആയിരക്കണക്കിന് വിദേശ വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. ഇതോടൊപ്പം വ്യവസായ, തൊഴിൽ സൗഹൃദ അന്തരീക്ഷം മെച്ചപ്പെട്ട സംസ്ഥാനമായും കേരളം മാറി. ആദ്യ ജൻ എ ഐ കോൺക്ലേവ് സംസ്ഥാന സർക്കാർ ഐ ബി എമ്മുമായി സഹകരിച്ച് സംഘടിപ്പിച്ചു. ടോറസ്, മഹീന്ദ്ര, എയർ ബസ് തുടങ്ങിയ വിവിധ കമ്പനികൾ കേരളത്തിൽ നിക്ഷേപത്തിന് സന്നദ്ധരായത് തൊഴിലവസരങ്ങൾ വർധിപ്പിക്കും. നൂതന സംരംഭങ്ങൾ പ്രാവർത്തികമാക്കുന്നതിനായി സമഗ്ര സ്റ്റാർട്ടപ്പ് നയത്തിലൂടെ ഒരു ലക്ഷം തൊഴിലവസരങ്ങൾ എന്ന ലക്ഷ്യം നേടും.
കേരളത്തിന്റെ മികച്ച കലാലയങ്ങളിലൊന്നായ എൻ ഐ ആർ എഫ് റാങ്കിങ്ങിലുള്ള തിരുവനന്തപുരം ഗവ. ആർട്‌സ് കോളേജ് ഇത്തരം അക്കാദമിക നവീകരണത്തിനായ് ശ്രമിക്കുകയാണ്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇത്തരത്തിലുള്ള ചർച്ചകൾ സംഘടിപ്പിക്കാൻ കഴിയണം. മുൻ രാഷ്ട്രപതി കെ ആർ നാരായണൻ, മുൻ എം പി ആനി മസ്‌ക്രീൻ, സാഹിത്യകാരന്മാരായ ചങ്ങമ്പുഴ കൃഷ്ണപിള്ള, എൻ കൃഷ്ണപിള്ള, അതുല്യ നടൻ മധു, ഐ എസ് ആർ ഒ മുൻ ചെയർമാൻ ജി മാധവൻ നായർ ഉൾപ്പെടെ നിരവധി പ്രതിഭകളെ സൃഷ്ടിച്ച കലാലയമാണ് തിരുവനന്തപുരം ആർട്‌സ് കോളേജ്.
1924 ജൂലൈ 4 നാണ് കലാലയം ആരംഭിക്കുന്നത്. തിരുവിതാംകൂറിലെ ഹിസ് ഹൈനെസ്സ് മഹാരാജാസ് കോളേജിൽ നിന്നും ആർട്സ് വിഭാഗം വിഷയങ്ങൾ വേർപെട്ടു, ഹിസ് ഹൈനെസ്സ് മഹാരാജാസ് കോളേജ് ഓഫ് ആർട്സ് എന്ന പേരിൽ ഒരു പുതിയ കലാലയമായാണ് ഈ കോളേജ് ആരംഭിക്കുന്നത്. 1937ൽ തിരുവിതാംകൂർ സർവകലാശാല ആരംഭിച്ചപ്പോൾ ഈ കോളേജ് സർവകലാശാലയുടെ അക്കാദമിക് ഡിപ്പാർട്‌മെന്റായി മാറുകയും ഭരണ ചുമതല സർവ്വകലാശാലക്കാവുകയും ചെയ്തു. 1942ൽ ഈ കോളേജിലുണ്ടായിരുന്ന ബിരുദ-ബിരുദാനന്തര കോഴ്സുകൾ യൂണിവേഴ്സിറ്റി കോളേജ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഹിസ് ഹൈനെസ്സ് മഹാരാജാസ് കോളേജ് ഓഫ് സയൻസിലേക്കു മാറ്റി. 1948ൽ ഈ കോളേജ് ഇന്റർമീഡിയറ്റ് കോളേജ് എന്ന് പുനർമകരണം ചെയ്യപ്പെട്ടു. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം കലാലയം കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായി. തുടർന്ന് തിരുവനന്തപുരം ഗവണ്മെന്റ് ആർട്‌സ് കോളേജ് പ്രീഡിഗ്രി കോഴ്‌സുകൾ പഠിപ്പിക്കുന്ന സെക്കൻഡ് ഗ്രേഡ് കോളേജ് ആയും 1971ൽ ഫസ്റ്റ് ഗ്രേഡ് കോളേജ് ആയും ഉയർത്തപ്പെട്ടു. പ്രീഡിഗ്രിക്കു പുറമെ ഇക്കണോമിക്‌സ്, കോമേഴ്‌സ് വിഷയങ്ങളിൽ ബിരുദവും നൽകുന്ന കോളേജായി മാറി. തുടർന്ന് വിവിധ ബിരുദ ബിരുദാനന്തര കോഴ്സുകൾ ഉൾപ്പെടെ ലഭ്യമായ കലാലയമായി മാറി. ഇന്ന് അതിനൂതനമായ വിവിധ കോഴ്‌സുകളും പ്രഗൽഭരായ അധ്യാപകരുമുൾപ്പെടുന്ന ആർട്‌സ് കോളേജ് അക്കാദമിക കലാ, കായികനേട്ടങ്ങളിലും മികച്ച മാതൃക സൃഷ്ടിക്കുന്നു. കേരളത്തെ വിജ്ഞാനാധിഷ്ഠിത നൂതനത്വ സമൂഹമായി മാറ്റുന്നതിന് ഒന്നിച്ചണിനിരക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ. എ. സമ്പത്ത് സ്വാഗതം ആശംസിച്ചു. ഗവ. ആർട്‌സ് കോളേജ് പ്രിൻസിപ്പൽ ഡോ.സുബ്രമണ്യൻ എസ് ശതാബ്ദി ആഘോഷങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. അഡ്വ. ആന്റണിരാജു എം. എൽ. എ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ്, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സുധീർ കെ, നഗരസഭാ വാർഡ് കൗൺസിലർ ജി. മാധവദാസ്, കോളേജ് യൂണിയൻ ചെയർമാൻ കൃഷ്ണ വിനോദ് സി., പി. ടി. എ. വൈസ് പ്രസിഡന്റ് വിജയകുമാർ ജി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബി. സതീശൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ കൺവീനർ ഡോ.അജിത്കുമാർ പി കൃതജ്ഞത അറിയിച്ചു. വിദ്യാർത്ഥികർ, പൂർവ്വ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ എന്നിവരുടെ വിവിധ കലാപരിപാടികളും പരിപാടിയുടെ ഭാഗമായി അരങ്ങേറി.