ലോക കേരളസഭയിൽ സ്മാർട്ടായി തദ്ദേശസ്വയംഭരണ വകുപ്പ്
LSGD
തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയിൽ സ്മാർട്ട് സേവനങ്ങൾ അവതരിപ്പിച്ച് തദ്ദേശസ്വയംഭരണ വകുപ്പ്. നിമിഷങ്ങൾക്കുള്ളിൽ പ്രധാന സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത് സന്ദർശകരെ ആശ്ചര്യപ്പെടുത്തുന്ന കെ സ്മാർട്ട് സേവനങ്ങളും അതിദാരിദ്ര്യ നിർമ്മാർജനം, ലൈഫ് മിഷൻ തുടങ്ങി പൊതുജനങ്ങൾക്ക് ഉപകാര പ്രദമാവുന്ന സേവനങ്ങളുമായാണ് വകുപ്പ് ലോക കേരളസഭയിൽ സ്റ്റാൾ സജ്ജീകരിച്ചിരിക്കുന്നത്.
കെ സ്മാർട്ട് വഴി പൊതുജനങ്ങൾക്ക് ലഭ്യമാവുന്ന സേവനങ്ങൾ വിശദമാക്കുന്ന വീഡിയോകൾ ബ്രോഷറുകൾ എന്നിവ സ്റ്റാളുകളിൽ ലഭ്യമാണ്. ഇടനിലക്കാരില്ലാതെ മുഴുവൻ സർട്ടിഫിക്കറ്റുകളും ഓൺലൈനായി ലഭ്യമാക്കുന്നതിനൊപ്പം വിവിധ സേവനങ്ങൾക്കുള്ള അപേക്ഷാ ഫീസുകൾ, നികുതികൾ തുടങ്ങിയവ ഓൺലൈൻ ആയി അടയ്ക്കാനും കെ സ്മാർട്ട് വഴി സാധിക്കുമെന്നത് വിശദമാക്കുന്ന വീഡിയോകൾ ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്നവർക്കും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സേവനങ്ങൾ ഓൺലൈനായി കെ സ്മാർട്ടിലൂടെ ലഭ്യമാവുമെന്ന വസ്തുത പ്രവാസികൾക്കും ആശ്വാസം പകരുന്നതായി.
സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തി അവരെ ദാരിദ്ര്യത്തിൽ നിന്നും കൈ പിടിച്ചുയർത്തുന്ന അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങളും സ്റ്റാളിൽ നിന്നു ലഭിക്കും. ലൈഫ് മിഷൻ വഴി വീടുകൾ നിർമ്മിക്കുന്നതിനും അപേക്ഷിക്കുന്നതിനുമുള്ള നടപടിക്രമങ്ങളും സ്റ്റാളിൽ നിന്നും അറിയാനാകും.
ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ മലയാളികൾക്ക് നാടിന്റെ സ്മാർട്ട് സേവനങ്ങൾ പരിചയപ്പെടുത്തുകയാണ് തദ്ദേശസ്വയംഭരണ വകുപ്പ്. സർക്കാരിന്റെ വികസനത്തിന്റെ നേർസാക്ഷ്യമായി ലോക കേരള സഭയിൽ കയ്യൊപ്പ് ചാർത്തുകയാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ സേവനങ്ങൾ. ഇതിനകം ഒട്ടേറെ പേർ സ്റ്റാൾ സന്ദർശിച്ചു.