തെരഞ്ഞെടുപ്പ് തോൽവി; കേരള കോൺഗ്രസ്-എം യോഗം നാളെ
കോട്ടയം: പാലായിലെ നവകേരള സദസില്‍ മുഖ്യമന്ത്രി പിണറായി വിജയന് തോമസ് ചാഴികാടനെ പരസ്യമായി ശാസിച്ചതു ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയത്തിനു വഴിവച്ചെന്ന സിപിഎം ജില്ലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനത്തിലും വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ പാരാജയ കാരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ കേരള കോണ്‍ഗ്രസ് -എം ജില്ലാ നേതൃയോഗം ചേരുന്നു.തോമസ് ചാഴികാടനെ മുഖ്യമന്ത്രി ശാസിച്ചതു തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചെന്ന് സിപിഎം ജില്ലാ കമ്മിറ്റിയില്‍ തന്നെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലും ഇടതുമുന്നണിയിലെ വോട്ട് ചോര്‍ച്ച സംബന്ധിച്ചും ഗൗരവമായ ചര്‍ച്ച നടത്തിയില്ലെങ്കില്‍ പാര്‍ട്ടി നേതാക്കളുടെ ആത്മവിശ്വാസം ചോര്‍ന്നേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര യോഗം. ജില്ലാ പ്രസിഡനന്റ്് ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയില്‍ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ചേരുന്ന യോഗത്തില്‍ പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി മുഴുവന്‍ സമയവും പങ്കെടുക്കുന്നുണ്ട്. മണ്ഡലം പ്രസിഡന്റുമാരും ജില്ലാ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും.
അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുക്കവും ചര്‍ച്ച ചെയ്യും. പാലാ നഗരസഭയില്‍ ഉള്‍പ്പെടെ നിലനില്‍ക്കുന്ന പ്രശ്നങ്ങളും ചര്‍ച്ചയാകും. ത്രിതല പഞ്ചായത്ത് വാര്‍ഡുകളുടെ പുനര്‍ വിഭജനവുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ തയാറാക്കുന്നതിനായുള്ള കമ്മിറ്റിക്കും യോഗം രൂപം നല്‍കും. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും യുഡിഎഫും ബിജെപിയും ഭരിക്കുന്ന പഞ്ചായത്തകളില്‍ ഭരണപരാജയവും വികസനമുരടിപ്പും ചര്‍ച്ചയാക്കുന്നതിനും പദ്ധതിക്കു രൂപം നല്‍കും.
പോഷക സംഘടനാ ഭാരവാഹികളുടെ അടുത്ത അഞ്ചു മാസത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശമുണ്ട്.