അര്‍ഹതയുടെ കുപ്പായം,കോട്ടയത്തിന്റെ ജോർജ് കുര്യൻ ഇനി കേന്ദ്ര മന്ത്രി
CENTRAL
കോട്ടയം :ബി ജെ പി യിൽ ഒരു ന്യൂനപക്ഷ സമുദായ അംഗമായ ആൾ അംഗത്വമെടുക്കുവാൻ മടിച്ചു നിൽക്കുന്ന കാലത്താണ് ജോർജ് കുര്യൻ പാർട്ടിയിൽ ചേരുന്നത് .അധികാര പ്രതീക്ഷ പോലും ഇല്ലാത്ത കാലത്ത് ബിജെപിക്ക് ഒപ്പം ചേര്‍ന്നയാളാണ് അഡ്വ. ജോര്‍ജ്ജ് കുര്യന്‍. അന്നു മുതല്‍ ഇന്നുവരെ എന്തെങ്കിലും തരത്തിലുള്ള നേട്ടങ്ങള്‍ പ്രതീക്ഷിക്കാതെയാണ്, അദ്ദേഹം ബിജെപിക്കൊപ്പം നിലകൊണ്ടതും. അതിനാല്‍ തന്നെ അര്‍ഹിക്കുന്ന കരങ്ങളിലാണ് മന്ത്രി സ്ഥാനം എത്തിയിരിക്കുന്നത്.
പാര്‍ട്ടി ഏല്‍പ്പിച്ച ജോലികളെല്ലാം ഭംഗിതായി നിര്‍വ്വഹിച്ച 63 വയസുകാരനായ ജോര്‍ജ്ജ് കുര്യന്‍ കോട്ടയം സ്വദേശിയാണ്. ഏറ്റുമാനൂര്‍ കാണക്കാരി കുറുമുള്ളൂര്‍ നമ്പ്യാകുളം പൊയ്‌ക്കാരന്‍ കാലായില്‍ ജോര്‍ജ് കുര്യന്‍ അഭിഭാഷകനാണ്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിട്ടുണ്ട്. സൈന്യത്തില്‍ ലഫ്. കേണലായിരുന്നു (നഴ്‌സിങ്) ഒ.ടി. അന്നമ്മയാണ് ഭാര്യ. ആദര്‍ശ്, ആകാശ് എന്നിവര്‍ മക്കളാണ്. ആദര്‍ശ് കാനഡയില്‍ ജോലി ചെയ്യുന്നു, ആകാശ് ജോര്‍ജിയയില്‍ എംബിബിഎസിന് പഠിക്കുന്നു. ജോര്‍ജ് കുര്യന്റെ സഹോദരന്‍ പി.കെ. ജോണും മകനും ബിജെപി പ്രവര്‍ത്തകരാണ്,1977 മുതല്‍ 79 വരെയുള്ള കോളജ് കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥി ജനത പ്രസ്ഥാനത്തിലൂടെയാണ് രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചത്. 1980ല്‍ ബിജെപി സ്ഥാപിതമായപ്പോള്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ നിന്നും ജനവിധി തേടി. കോട്ടയം പാര്‍ലമെന്ററി മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയിട്ടുണ്ട്.
നാട്ടകം ഗവ. കോളജില്‍ പഠിക്കുന്ന കാലത്താണ് ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നത്. പിന്നീട് പാലാ സെന്റ് തോമസ് കോളജിലേക്ക് പഠനം മാറിയപ്പോഴേക്കും അദ്ദേഹം ദേശീയ പ്രസ്ഥാനങ്ങളുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. അക്കാലത്ത് എംഎയ്‌ക്ക് പഠിക്കുമ്പോള്‍, വിദ്യാര്‍ഥി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പിന്നീട് യുവമോര്‍ച്ച ദേശീയ സെക്രട്ടറിയായി. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഒ. രാജഗോപാല്‍ കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി(ഒഎസ്ഡി)യായി. പിന്നീട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായി. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷനായും സേവനം അനുഷ്ഠിച്ചു. അതിന്റെ കാലാവധി തീര്‍ന്ന സമയത്ത് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിയായ വിവരം ഭാര്യ അന്നമ്മയും സഹോദരങ്ങളും മക്കളും പോലും അറിഞ്ഞത് മാധ്യമങ്ങളിലൂടെ. കേന്ദ്ര ക്ഷണം അനുസരിച്ച് ദല്‍ഹിയില്‍ എത്തിയെങ്കിലും മന്ത്രിയാകുമെന്ന് അദ്ദേഹം പോലും അറിഞ്ഞിരുന്നില്ല. സത്യപ്രതിജ്ഞയ്‌ക്ക് ഒരുങ്ങാന്‍ പറഞ്ഞപ്പോഴാണ് അദ്ദേഹം തന്നെ അറിയുന്നത്. മാധ്യമങ്ങള്‍ വസതിയില്‍ എത്തി പ്രതികരണം ആരായുമ്പോഴാണ് ജോര്‍ജ് കുര്യന്‍ മന്ത്രിയാകുകയാണെന്ന വിവരം അറിഞ്ഞതെന്ന് ഭാര്യ അന്നമ്മ പറഞ്ഞു. മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് അന്നമ്മ ഉടന്‍ മക്കളെ ഫോണില്‍ വിളിച്ച് പപ്പാ മന്ത്രിയാകുന്ന കാര്യം പറഞ്ഞത്.
ജോര്‍ജ് കുര്യന്‍ ഫോണില്‍ വിളിക്കുകയോ ഇക്കാര്യം പറയുകയോ ചെയ്തിട്ടില്ലെന്ന് ഭാര്യയും സഹോദരന്‍ അടക്കമുള്ള വീട്ടുകാരും പറഞ്ഞു.കേരള ഹൗസിലെ 208ാം നമ്പര്‍ മുറിയില്‍ ഇന്നലെ രാവിലെ എത്തിയ അദ്ദേഹം ആരോടും പറയാതെയാണ് പുറത്തേക്ക് പോയത്. ബിജെപി ഓഫീസില്‍ നിന്നയച്ച കാറില്‍ ഓഫീസിലേക്കായിരുന്നു യാത്രയെന്നാണ് കണ്ടു നിന്നവര്‍ പറഞ്ഞത്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം. വിഗോവിന്ദനും അടക്കമുള്ളവര്‍ ഇന്നലെ എത്തിയിരുന്നതിനാല്‍ കേരള ഹൗസില്‍ നല്ല തിരക്കായിരുന്നു. ഈ തിരക്കില്‍ കാത്തു നിന്നാണ് അദ്ദേഹം ഭക്ഷണം പോലും കഴിച്ചത്. കേരള ഹൗസിലെ കാന്റീനില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ടിവിയില്‍ മന്ത്രിമാരെക്കുറിച്ചുള്ള ചൂടു പിടിച്ച ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. അതെല്ലാം മൗനിയായി കണ്ടിരുന്നാണ് ദോശയും വടയും കഴിച്ചതും. ആ സമയത്തൊന്നും താന്‍ മന്ത്രിയാകുമെന്ന് അദ്ദേഹം പോലും കരുതിയിരിക്കില്ല,ജോര്‍ജ് കുര്യന്‍ ബിജെപിയില്‍ ചേര്‍ന്നത് രാജ്യസേവനത്തിനു വേണ്ടിയായിരുന്നുവെന്ന് ഭാര്യയും കരസേനയിലെ ഉന്നത ഉദ്യോഗസ്ഥ (നഴ്‌സിങ് വിഭാഗം)യുമായ അന്നമ്മ കുര്യന്‍. അതേ പോലെ ഞാനും രാജ്യ സേവനത്തിനു വേണ്ടിയാണ് ഇറങ്ങിത്തിരിച്ചിരുന്നത്. രാജ്യ സുരക്ഷയ്‌ക്കായി പൊരുതുന്ന സഹോദരങ്ങള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. അതിനാല്‍ ഭര്‍ത്താവിന്റെ സേവന മനോഭാവത്തെ ഒരിക്കലും ഞാന്‍ എതിര്‍ത്തിരുന്നുമില്ല,മന്ത്രിയാകുമെന്ന് അറിഞ്ഞിട്ടും വിളിച്ചിരുന്നില്ല. ദല്‍ഹിക്ക് പോകുകയും വരികയും ചെയ്യുന്നത് പതിവായതിനാല്‍ ഇക്കുറി പോയത് മന്ത്രിയാകാനാണ് എന്നൊന്നും തോന്നിയുമില്ല. മന്ത്രി സ്ഥാനം പോകുകയും വരികയും ചെയ്യും. അതൊന്നും ഒരു മനുഷ്യന്റെ ജീവിതത്തിലെ വലിയ നേട്ടമായി കരുതേണ്ടതുമില്ല. ഇത്രയും കാലം അധ്വാനിച്ചതിന്റെ ഫലം, ഒരു അംഗീകാരമാണ് ഇത്. അന്നമ്മ പറഞ്ഞു.
അടല്‍ ബിഹാരി വാജ്‌പേയിയുടെയും ലാല്‍ കൃഷ്ണ അദ്വാനിയുടെയും നേതൃത്വത്തില്‍ ബിജെപി രൂപം കൊണ്ട അന്നു മുതല്‍ ജോര്‍ജ് അതിന്റെ വ്യത്യസ്ഥനായ ഒരു പ്രവര്‍ത്തകനായിരുന്നുവെന്ന് അയല്‍ക്കാരും ബന്ധുക്കളും ഓര്‍ക്കുന്നു,ഒ. രാജഗോപാല്‍ 20 വര്‍ഷം മുന്‍പ് കേന്ദ്രമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു ജോര്‍ജ്ജ് കുര്യന്‍.‘‘ജോർജ് മിടുക്കനായിരുന്നു. എന്റെ ഏറ്റവും വലിയ സഹായി ആയിരുന്നു. ആത്മാർഥതയോടെയാണ് പ്രവർത്തിച്ചത്. ജോർജ് ജീവിച്ച ചുറ്റുപാടിൽ നിന്നും വളരെ വിഭിന്നമായിരുന്നു ബിജെപിയുടെ ആശയമെങ്കിലും ആദ്യകാലം മുതൽ പാർട്ടിയിൽ ഉറച്ചുനിന്നു. സന്തോഷമുണ്ട്. സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല. അന്നേ ഭാഷയൊക്കെ നല്ല വശമായിരുന്നു. നല്ല ഭാവിയുണ്ടായിരുന്നു.’’ – രാജഗോപാൽ പറഞ്ഞു.