പാലായിൽ പമ്പിൽനിന്ന് അടിച്ചത് വെള്ളം കലർന്ന ഡീസൽ: ഇടപെട്ട് സുരേഷ് ഗോപി
കോട്ടയം ∙ വെള്ളം കലർന്ന ഡീസൽ അടിച്ചതിനെത്തുടർന്നു കാറിനു തകരാറുണ്ടായ സംഭവത്തിൽ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാർ ഉടമയ്ക്കു ഡീസലിനു ചെലവായ പണവും അറ്റകുറ്റ പണിക്കു ചെലവായ തുകയും പമ്പുടമ മടക്കി നൽകി. ഡീസൽ തുകയായ 3394 രൂപയും നഷ്ടപരിഹാരവും അടക്കം 9894 രൂപയാണ് നൽകിയത്.ഐസിഐസിഐ ബാങ്കിന്റെ കോട്ടയത്തെ മാനേജരായ ജിജു കുര്യനാണു പരാതിക്കാരൻ. പാലാ കടപ്പാട്ടൂരുള്ള ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോൾ പമ്പിൽ നിന്നാണു ഡീസൽ അടിച്ചത്. 17ന് ആയിരുന്നു സംഭവം. 36 ലീറ്ററോളം ഡീസൽ കാറിൽ അടിക്കുന്നതിനിടെ പലതവണ ബീപ് ശബ്ദം കേൾക്കുകയും സൂചനാ ലൈറ്റുകൾ തെളിയുകയും ചെയ്തുവെന്നു ജിജു പറയുന്നു.കാർ, കമ്പനിയുടെ കോട്ടയത്തെ വർക്‌ഷോപ്പിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഡീസലിൽ വെള്ളം ചേർന്നതായി കണ്ടെത്തിയതെന്നാണു പരാതി. ജിജുവിന്റെ ഭാര്യാപിതാവും മുണ്ടുപാലം സ്വദേശിയുമായ ജയിംസ് വടക്കൻ ബിജെപി മുൻ വക്താവ് പി.ആർ.ശിവശങ്കറിന്റെ സഹായത്തോടെയാണു മന്ത്രി സുരേഷ് ഗോപിക്കു പരാതി നൽകിയത്..