സംസ്ഥാന സ്കൂൾ കലോൽസവം : ഒരുക്കങ്ങൾ വിലയിരുത്തി
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും പ്രിൻസിപ്പൽമാർ, പി.ടി.എ പ്രസിഡന്റുമാർ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരുടെ യോഗം ടൗൺഹാളിൽ ചേർന്നു. ജനുവരി 14 മുതൽ 18 വരെ തൃശൂരിലെ വിവിധ വേദികളിലായാണ് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുക. ഉന്നതവിദ്യാഭ്യാസ–സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, റവന്യൂ–ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ എന്നിവർ നേതൃത്വം നൽകി. കലോത്സവം വിജയകരമായി നടത്തുന്നതിനായി എല്ലാ വിദ്യാലയങ്ങളിലും പി.ടി.എയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി യോഗങ്ങൾ ചേരണമെന്ന് നിർദേശം നൽകി. യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ എ.സി. മൊയ്തീൻ എം.എൽ.എ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്, അഡീഷണൽ ഡയറക്ടർ ആർ.എസ്. ഷിബു, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം. ബാലകൃഷ്ണൻ, ഡി.ഇ.ഒ, എ.ഇ.ഒ തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു. കലോത്സവം സുഗമമായി നടത്തുന്നതിനായി രൂപീകരിച്ച 19 സബ് കമ്മിറ്റി കൺവീനർമാരുടെ യോഗം രാമനിലയത്തിൽ ചേർന്നു. ഓരോ കമ്മിറ്റിയുടെയും പ്രവർത്തനം മന്ത്രിമാർ വിലയിരുത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഓട്ടോറിക്ഷ തൊഴിലാളികൾ, ട്രേഡ് യൂണിയൻ നേതാക്കൾ, ഹോട്ടൽ–റെസ്റ്റോറന്റ് ഉടമകൾ, വിദ്യാർത്ഥി–യുവജന സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, വ്യാപാരി–വ്യവസായി സംഘടനകൾ, ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധികൾ എന്നിവരുടെ യോഗവും രാമനിലയത്തിൽ ചേർന്നു.


