ചരിത്രത്തെ വളച്ചൊടിക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തെ ചെറുക്കണം: സ്പീക്കർ
പുതിയൊരു ചരിത്രം സൃഷ്ടിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമം നടത്തുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പറഞ്ഞു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. ചരിത്രത്തെ വളച്ചൊടിക്കുന്നതിന് പുതിയ ചില പേരുകൾ ഉയർത്തി കൊണ്ടുവരാനുള്ള ശ്രമം സംഘപരിവാർ നടത്തുന്നു. ശാസ്ത്രത്തെ ഇതിഹാസം കൊണ്ട് പകരം വെക്കാനാണ് ശ്രമം. രാജ്യത്തെ ചരിത്രപ്രധാനമായ പല സ്ഥലങ്ങളുടെയും പേരുകൾ മാറ്റുകയാണ്. ചരിത്രത്തെ ഭയന്നാണ് അവർ ഇങ്ങനെ ചെയ്യുന്നത്. വിദ്യാഭ്യാസ മേഖലയിലും ഇത്തരം മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഉൾപ്പെടെ പാഠപുസ്തകങ്ങളുടെ മാറ്റം വരുത്തുന്നു. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ഇത്തരം ബോധപൂർവ്വമായ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് ചരിത്രകാരൻമാരുടെ ഉത്തരവാദിത്വമാണ് എന്നും സ്പീക്കർ പറഞ്ഞു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം പ്രഭാകരൻ, ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗീതമ്മ, ഇന്ത്യൻ ചരിത്ര കോൺഗ്രസ് സെക്രട്ടറി പ്രൊഫ. സയെദ് അലി നദീം റെസാവി, പ്രിൻസിപ്പൽ പ്രൊഫ. ജെ. വാസന്തി, പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്‌സൺ എം ടി നാരായണൻ, സംഘടകസമിതി വർക്കിംഗ് ചെയർപേഴ്‌സൺ ഡോ. പി മോഹൻദാസ്, ജനറൽ കൺവീനർ എ വത്സൻ എന്നിവർ പങ്കെടുത്തു. 84ാം ചരിത്ര കോൺഗ്രസിന്റെ ഭാഗമായി നിർമ്മിച്ച 'തലശ്ശേരി-ദി ട്രിസ്റ്റ് വിത്ത് ഹിസ്റ്ററി' എന്ന ഡോക്യുമെന്ററി സ്പീക്കർ പ്രകാശിപ്പിച്ചു. കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ ലളിത് എസിന്റെ നേതൃത്വത്തിൽ നിർമിച്ച ഡോക്യുമെന്ററിയുടെ ഛായാഗ്രഹണം പ്രതാപ് ജോസഫും എഡിറ്റിംഗ് ബ്രണ്ണൻ കോളേജ് പൂർവ വിദ്യാർഥികളായ ശിവദത്ത് വി വി, സിദ്ധാർഥ് പി എന്നിവരുമാണ് നിർവഹിച്ചത്. ഡോ. വിനോദ് നാവത്ത്, ഡോ. എ വത്സലൻ, ഡോ. എൻ സാജൻ എന്നിവർ ഡോക്യുമെന്ററിയുടെ ഗവേഷണ നിർവ്വഹണത്തിൽ സഹകരിച്ചു. തലശ്ശേരിയുടെ പൈതൃകവും ചരിത്രവും ഭൂപ്രകൃതീയും ഡോക്യുമെന്ററി അനാവരണം ചെയ്യുന്നു. ബ്രണ്ണൻ കോളേജ്, ചേരമാൻ കോട്ട, ആംഗ്ലിക്കൻ ചർച്ച്, കത്തീഡ്രൽ ചർച്ച്, വെല്ലസ്ലി ബംഗ്ലാവ് ഗുണ്ടർട്ട് ബംഗ്ലാവ് , ഓടത്തിൽ പള്ളി, തായലങ്ങാടി പള്ളി, ജഗന്നാഥ് ടെമ്പിൾ, തിരുവങ്ങാട് ടെമ്പിൾ,അണ്ടലൂർ കാവ്, പാറപ്രം കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക സ്മാരകം, ചിറക്കര സർക്കസ്സ് കളരി, ജവാഹർ ഘട്ട്, മൊയ്തു പാലം, ധർമ്മടം, മുഴപ്പിലങ്ങാട് ബീച്ചുകൾ തുടങ്ങിയവ ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. *ചരിത്രത്തെ വികൃതമാക്കുന്നതിനെതിരെ ഇന്ത്യൻ ചരിത്ര കോൺഗ്രസ്* എൻ.സി.ഇ.ആർ.ടി ചരിത്രപാഠപുസ്തകങ്ങളിലെ പ്രസക്തമായ പല പാഠഭാഗങ്ങളും വെട്ടിമാറ്റിക്കൊണ്ട് ചരിത്രത്തെ വികൃതമാക്കുന്ന കേന്ദ്രസർക്കാർ നയങ്ങളെ ഇന്ത്യൻ ചരിത്രകോൺഗ്രസ് ജനറൽബോഡി യോഗം ശക്തമായി അപലപിച്ചു. പുതിയ ഗവേഷകർക്ക് ചരിത്രരചനയുടെ രീതിശാസ്ത്രത്തെക്കുറിച്ച് ഓൺലൈൻ പരിശീലനം സൗജന്യമായി നൽകാനും ചരിത്രരചനയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുതക്കുന്ന രീതിയിൽ യുവഗവേഷകർക്ക് മാർഗനിർദേശം നൽകാനും ചരിത്രകോൺഗ്രസ് തീരുമാനിച്ചു. ഇന്ത്യയിലെ പ്രഗത്ഭരും മൗലിക ഗവേഷണത്തിന്റെ മാതൃകകളുമായ റൊമിലാഥാപ്പർ, ആർ.എസ് ശർമ്മ, നൂറുൽ ഹസൻ, കെ.എൻ. പണിക്കർ, ഇർഫാൻ ഹബീബ്, ബിപൻചന്ദ്ര തുടങ്ങിയ ചരിത്രകാരരുടെ രീതികൾ അവലംബിക്കാൻ പുതുതലമുറയെ സജ്ജരാക്കാൻ ആവശ്യമായ പിന്തുണ നൽക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.


