റൂട്രോണിക്സ് വനിതാ ഡിജിറ്റൽ സേവാ കേന്ദ്രത്തിലൂടെ ഓൺലൈൻ സേവനങ്ങൾ നൽകില്ല

Jul 6, 2025
റൂട്രോണിക്സ് വനിതാ ഡിജിറ്റൽ സേവാ കേന്ദ്രത്തിലൂടെ ഓൺലൈൻ സേവനങ്ങൾ നൽകില്ല

കേരള സ്റ്റേറ്റ് റൂട്രോണിക്സ് വനിതാ ഡിജിറ്റൽ സേവാ കേന്ദ്രങ്ങളിലൂടെ അക്ഷയ കേന്ദ്രങ്ങൾ നൽകി വരുന്ന സേവനങ്ങൾ നൽകാൻ ഉദ്ദേശമില്ലെന്ന് റൂട്രോണിക്സ് മാനേജിങ് ഡയരക്ടർ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ വിവിധ സർക്കാർ വകുപ്പുകൾ ലഭ്യമാക്കിയിട്ടുള്ള ഓൺലൈൻ സേവനങ്ങൾ പൊതുജനങ്ങൾക്ക് നൽകാനുള്ള അംഗീകൃത സെന്ററുകൾ അക്ഷയ കേന്ദ്രങ്ങൾ മാത്രമായിരിക്കേ റൂട്രോണിക്സ് അക്ഷയ കേന്ദ്രം മാതൃകയിൽ കേരളത്തിൽ 1000 ത്തോളം വനിതാ ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ തുടങ്ങുന്നതിനെതിരെ അക്ഷയ സംരംഭകരുടെ സംഘടനയായ ഫേസ് കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഐ ടി മിഷൻ ഡയരക്ടർ നടത്തിയ ഹീയറിങ്ങിലാണ് റൂട്രോണിക്സ് മനേജിങ് ഡയരക്ടർ അക്ഷയ സേവനങ്ങൾ വനിതാ ഡിജിറ്റൽ സേവാ കേന്ദ്രങ്ങളിലൂടെ നടത്താൻ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കിയത്. വനിതാ ഡിജിറ്റൽ സേവാ കേന്ദ്രങ്ങളിലൂടെ കമ്പ്യൂട്ടർ പരിശീലനം മാത്രമായിരിക്കും നൽകുന്നതെന്ന് റൂട്രോണിക്സ് ഐ ടി മിഷൻ ഡയരക്ടറെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അത്തരം ഡിജിറ്റൽ സേവാ കേന്രങ്ങൾ തുടങ്ങുന്നതിൽ ഫേസിന് എതിർപ്പില്ലെന്ന് ഫേസ് സംസ്ഥാന പ്രസിഡണ്ട് സ്റ്റീഫൻ ജോൺ അക്ഷയ ഡയരക്ടറെ അറിയിച്ചു. മറിച്ച് വനിതാ ഡിജിറ്റൽ സേവാ കേന്ദ്രങ്ങളിലൂടെ റൂട്രോണിക്സിന് ഓൺലൈൻ സേവനങ്ങൾ ജനങ്ങൾക്ക് നൽകണമെങ്കിൽ ഇലക്ട്രോണിക്സ് & വിവര സാങ്കേതിക വകുപ്പിന്റെ മുൻകൂർ അനുമതി തേടണമെന്ന് അക്ഷയ ഡയരക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. കേരളത്തിൽ ഓൺലൈൻ ജന സേവന കേന്ദ്രങ്ങൾ അനുവദിക്കാൻ ഐ ടി വകുപ്പിന് മാത്രമേ അധികാരം ഉണ്ടെന്നിരിക്കെ വ്യാജ ഓൺലൈൻ സേവന കേന്ദ്രങ്ങൾ അനിയന്ത്രിതമായി പെരുകുകയാണ്. ഇതിനെതിരെയുള്ള പേരാട്ടമാണ് ഫേസ് നടത്തി കൊണ്ടിരിക്കുന്നത്. ഇതിനു മുമ്പ് അക്ഷയ സേവനങ്ങൾ കുടുംബശ്രീക്ക് നൽകാനുള്ള നീക്കത്തെ ഫേസ് നിയമപരമായി നേരിട്ടിരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ ഹെൽപ്പ് ഡെസ്ക് തുടങ്ങി ഓൺലൈൻ സേവനങ്ങൾ നൽകാനുള്ള നീക്കത്തേയും ഫേസ് നിയമപരമായി തടഞ്ഞിരുന്നു. അവസാനമായി വനിതാ ഡിജിറ്റൽ സേവാ എന്ന പേരിൽ റൂട്രോണിക്സ് നടത്തിയ നീക്കത്തേയും ഫേസ് എതിർത്ത് തോൽപ്പിച്ചിരിക്കുന്നു.