സ്വാതന്ത്ര്യത്തിന്റെ 77-ാം വാർഷികാഘോഷം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും
77th Independence Day celebrations will be organized state wide
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ആഗസ്റ്റ് 15 ന് രാവിലെ 9ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തുന്നതോടെ തുടക്കമാവും. വിവിധ സേനാവിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്‌കൗട്ട്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്യും. മുഖ്യമന്ത്രി മെഡലുകൾ വിതരണം ചെയ്യും. പരേഡിനുശേഷം വിവിധ സ്‌കൂളുകളിലെ കുട്ടികൾ ദേശഭക്തിഗാനങ്ങൾ അവതരിപ്പിക്കും.
ജില്ലാ ആസ്ഥാനങ്ങളിലും രാവിലെ 9 ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. സബ്ഡിവിഷണൽ/ ബ്‌ളോക്ക്, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ, ഓഫീസുകൾ, സ്‌കൂളുകൾ, കോളേജുകൾ, എന്നിവിടങ്ങളിലും പതാക ഉയർത്തും.
സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകളിൽ എല്ലാ ഉദ്യോഗസ്ഥരുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന സർക്കാർ സർക്കുലറിൽ അറിയിച്ചു. പ്ലാസ്റ്റിക്കിൽ നിർമിച്ച ദേശീയപതാകകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ഹരിതചട്ടം പാലിക്കണമെന്നും സർക്കുലറിൽ അറിയിച്ചു.