സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

Nov 27, 2024
സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

      ചാർട്ടേർഡ് അക്കൗണ്ടൻസി/കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടിംഗ്/കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി  സ്‌കോളർഷിപ്പ് നൽകുന്നതിലേക്കായി  കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.         കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ(എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്. ഇന്റർമീഡിയേറ്റ്, ഫൈനൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ബി.പി.എൽ  വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകുന്നതാണ്. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ എട്ടുലക്ഷം രൂപ വരെ  വാർഷിക വരുമാനമുളള എ.പി.എൽ വിഭാഗത്തെ പരിഗണിക്കുന്നതാണ്. മെറിറ്റിന്റേയും കുടുംബ വാർഷിക വരുമാനത്തിന്റേയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.  ബി.പി.എൽ വിഭാഗക്കാർ നിർബന്ധമായും റേഷൻ കാർഡിന്റെ പകർപ്പ് സമർപ്പിക്കണം. ഇന്റർമീഡിയേറ്റ് പഠിക്കുന്ന വിദ്യാർത്ഥികൾ ഫൌണ്ടേഷൻ അല്ലെങ്കിൽ ബിരുദത്തിന് 60% മാർക്ക് നേടിയവർ ആയിരിക്കണം.  ഫൈനലിന് പഠിക്കുന്ന വിദ്യാർത്ഥികൾ  ഇന്റർമീഡിയേറ്റ് പാസ്സായവരായിരിക്കണം.   15,000/ രൂപയാണ് സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. ഒറ്റ തവണ ലഭിക്കുന്ന സ്‌കോളർഷിപ്പ് പദ്ധതിയാണിത്. മുൻ വർഷങ്ങളിൽ വകുപ്പിൽ നിന്നും പ്രസ്തുത സ്‌കോളർഷിപ്പ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. ന്യൂനപക്ഷ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത   ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.  www.minoritywelfare.kerala.gov.in ലെ സ്‌കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 20. ഓൺലൈൻ അപേക്ഷ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ അപലോഡ് ചെയ്ത് പ്രിന്റ്-ഔട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളിൽ വകുപ്പിലേയ്ക്ക് നേരിട്ടോ/തപാൽ മാർഗ്ഗമോ വഴി എത്തിച്ചാൽ മാത്രമേ സ്‌കോളർഷിപ്പ്  അപേക്ഷകൾ പരിഗണിക്കുകയുളളൂ.  കൂടുതൽ വിവരങ്ങൾക്ക് 0471 -2300524, 0471-2302090 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.