വേൾഡ് സ്കിൽ ഒളിംപിക്സ് മത്സരം , കേരളത്തിന് അഭിമാനമായി അനഘ പ്രദീപും

Sep 7, 2024
വേൾഡ് സ്കിൽ ഒളിംപിക്സ്  മത്സരം , കേരളത്തിന് അഭിമാനമായി അനഘ പ്രദീപും

47-ാമത് വേൾഡ് സ്കിൽ ഒളിംപിക്സ് ഫ്രാൻസിലെ ലിയോൺ സിറ്റിയിൽ 2024 സെപ്തംബർ 10 മുതൽ 15 വരെ നടക്കുമ്പോൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ടീം ഇന്ത്യ തയ്യാറായിരിക്കയാണ്. അവർക്കായി പരിശീലനത്തിൻ്റെ അവസാന ഘട്ടം പൂർത്തിയായി. 70 രാജ്യങ്ങളിൽ നിന്നായി 1500 ഓളം യുവ നൈപുണ്യ പ്രൊഫഷണലുകൾ ഈ അന്താരാഷ്ട്ര തലത്തിലുള്ള മത്സരത്തിൽ പങ്കെടുക്കും. വേൾഡ് സ്കിൽസ് ഇൻ്റർനാഷണലിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ രണ്ട് വർഷത്തിലും സംഘടിപ്പിക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ നൈപുണ്യ മത്സരമായ വേൾഡ് സ്കിൽസ് മത്സരം . ലോകമെമ്പാടുമുള്ള യുവ പ്രൊഫഷണലുകൾക്ക് ഒരു അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാനുള്ള ഒരു അവസരം കൂടിയാണിത്. സംസ്ഥാന, സോൺ മത്സരങ്ങൾക്ക് ശേഷം നടന്ന ഇന്ത്യാ സ്കിൽ ദേശീയ മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് ഫ്രാൻസിലെ ലിയോണിൽ നടക്കുന്ന വേൾഡ് സ്കിൽ 2024-ൽ പങ്കെടുക്കുക. ലിയോണിലെ ഈ അഭിമാനകരമായ പ്ലാറ്റ്ഫോമിലേക്ക് ടീം ഇന്ത്യ ചുവടുവെക്കുമ്പോൾ കേരളത്തിന് ഏറെ അഭിമാനമായി കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി അനഘ പ്രദീപും രാജ്യത്തിന് വേണ്ടി പങ്കെടുക്കുന്നുണ്ട്. ഡൽഹിയിൽ വെച്ച് നടന്ന ദേശീയ സ്കിൽ ഡെവലപ്പ്മെൻ്റ് ആൻ്റ് ഓൺട്രപ്രണർഷിപ്പ് മന്ത്രാലയം സംഘടിപ്പിച്ച ഇന്ത്യാ സ്കിൽസ് മത്സരത്തിൽ രാജ്യത്തെ ഏറ്റവും സമർത്ഥരായ വിദ്യാർത്ഥികളോട് മത്സരിച്ച് ഒരു ലക്ഷം രൂപയും സ്വർണ്ണമെഡലും നേടിയ അനഘ പ്രദീപ് ഏറെ പ്രതീക്ഷയോടും ആത്മവിശ്വാസത്തോടും കൂടിയാണ് ഫ്രാൻസിലെ ലിയോണിൽ നടക്കുന്ന വേൾഡ് സ്കിൽ ഒളിംപിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുന്നത്. യുവാക്കളുടെ സാങ്കേതിക നൈപുണ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് രണ്ട് വർഷത്തിലൊരിക്കൽ ഇന്ത്യാ സ്കിൽ മത്സരം സംഘടിപ്പിക്കുന്നത്. 17 വയസ്സ് മുതൽ 22 വയസ്സ് വരെയുള്ളവർക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതയല്ല, മറിച്ച് അവരുടെ സാങ്കേതിക നൈപുണ്യം മാത്രമാണ് അവിടെ പരിഗണിക്കുക. സ്കൂളിലെ ശാസ്ത്രമേളയുടെ വിപുലമായ രൂപമാണ് ഇന്ത്യാ സ്കിൽസ്. കാർപെൻ്ററി മുതൽ റോബോട്ടിക്സ് വരെയുള്ള വൈവിധ്യമാർന്ന ഇനങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ട്. അനഘ തിരഞ്ഞെടുത്തത് ഡിജിറ്റൽ കൺസ്ട്രക്ഷൻ ആണ്. ഭുവനേശ്വർ ഐ ഐ ടി യിലെ എംടെക് വിദ്യാർത്ഥിനിയാണ് അനഘ. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടെ മാസ്റ്റർ പ്രിൻ്റ് ഉടമ പ്രദീപ് കീനേരിയുടേയും ഷീജയുടേയും മകളാണ്. സഹോദരി സൂററ്റ് എൻ ഐ ടി യിൽ അർബൻ പ്ലാനിംഗിൽ എംടെക് പൂർത്തിയാക്കിയ ശേഷം ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിയിൽ ടൗൺ പ്ലാനറായി ജോലി ചെയ്യുന്നു.