സ്കോഡ കമ്പനിയുടെ പുതിയ കാറിന് പേരിട്ടത് മലയാളി, ആദ്യ വാഹനം സമ്മാനമായി ലഭിക്കും
2025-ൽ സ്കോഡ കമ്പനി പുറത്തിറക്കുന്ന എസ് യു വി ക്ക് 'കൈലാഖ് ' എന്ന പേര് നിർദ്ദേശിച്ചത് കാസർഗോഡ് നായൻമാർമൂല സ്വദേശി മുഹമ്മദ് സിയാദ് . ഖുറാൻ അധ്യാപകനാണ് മുഹമ്മദ് സിയാദ്. അടുത്ത വർഷം കാർ ലോഞ്ച് ചെയ്യുമ്പോൾ ആദ്യ വാഹനം സിയാദിന് സമ്മാനമായി നൽകുമെന്ന് സ്കോഡ കമ്പനി അറിയിച്ചു. വാഹനത്തിൻ്റെ പേര് തെരെഞ്ഞെടുക്കാൻ നെയിം യുവർ സ്കോഡ എന്ന പേരിൽ കമ്പനി ക്യാപയിൻ സംഘടിപ്പിച്ചിരുന്നു. പേരിൻ്റെ തുടക്കം ഇംഗ്ലീഷ് അക്ഷരമാലയിലെ കെ(K) യും അവസാനം ക്യു ( Q) യും ആകണമെന്നായിരുന്നു വ്യവസ്ഥ. 2 ലക്ഷം എൻട്രികളുണ്ടായിരുന്നു. കൈലാഖ് എന്ന പേരിന് സംസ്കൃതത്തിൽ സ്ഫടികം അഥവാ ക്രിസ്റ്റൽ എന്നാണ് അർത്ഥം വരുന്നത്. ഷോർട്ട് ലിസ്റ്റ് ചെയ്ത 15 പേരുകളിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച 10 പേരുകളാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടത്. ഈ പേരുകൾ നിർദ്ദേശിച്ചവർക്ക് ചെക്ക് റിപ്പബ്ലിക്കൻ തലസ്ഥാനമായ പ്രാഗിലുള്ള സ്കോഡ പ്ലാൻ്റ് സന്ദർശിക്കാനുള്ള അവസരം കമ്പനിയൊരുക്കും. കോട്ടയം സ്വദേശി രാജേഷ് സുധാകരൻ എന്നയാളും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.