ഇരുപത്തിയാറാം മൈൽ - എരുമേലി റോഡിൽ സുരക്ഷിതത്വ ക്രമീകരണങ്ങൾ നടപ്പിലാക്കും
കാഞ്ഞിരപ്പള്ളിഎരുമേലി-കാഞ്ഞിരപ്പള്ളി സംസ്ഥാനപാതയിൽ ഇരുപത്തിയാറാം മൈൽ മേരി ക്വീൻസ് ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ ഒന്നാം മൈൽ വരെയുള്ള ഏകദേശം ഒരു കിലോമീറ്റർ ഭാഗത്ത് നിരന്തരമായി അപകടങ്ങളും, മരണങ്ങളും സംഭവിക്കുന്നത് ഒഴിവാക്കുന്നതിന് ഉദ്ദേശിച്ച് പ്രസ്തുത ഭാഗത്ത് അടിയന്തരമായി റോഡ് സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് നിശ്ചയിച്ചു. കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ മൂന്ന് അപകട മരണൾ പ്രസ്തുത ഭാഗത്ത് സംഭവിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ്, മോട്ടോർ വാഹന ഗതാഗത വകുപ്പ്, പോലീസ് എന്നീ ഡിപ്പാർട്ട്മെന്റ് തല ഉദ്യോഗസ്ഥരോടും , ജനപ്രതിനിധികളോടും ഒപ്പം ഇക്കഴിഞ്ഞ ദിവസം റോഡ് സന്ദർശിച്ച് വിശദമായി പരിശോധിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ധു മോഹൻ, റ്റി. രാജൻ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ജോസ് രാജൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാഗിണി. എൽ, അസിസ്റ്റന്റ് എൻജിനീയർ വിഷ്ണു എം. പ്രകാശ്,പോലീസ് സബ് ഇൻസ്പെക്ടർ ശാന്തി.കെ. ബാബു, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റ്റി.വി അനിൽ കുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇസ്പെക്ടർ ബിജു വി.ഐസക്ക് തുടങ്ങിയവരും, പൊതുപ്രവർത്തകരായ സജിൻ വട്ടപ്പള്ളി, വി. എം ഷാജഹാൻ, സിജോ മൊളോപ്പറമ്പിൽ എന്നിവരും സന്നിഹിതരായിരുന്നു. ഈ ഭാഗം അപകട മേഖലയാണ് എന്ന് കാണിക്കുന്ന ദിശ സൂചിക ബോർഡ് സ്ഥാപിക്കുകയും, ഓവർ ടേക്കിങ്ങ് നിരോധിച്ചുകൊണ്ട് നോ ഓവർടേക്കിങ്ങ് ബോർഡുകളും, വേഗത കുറച്ചു പോകണം എന്ന് സൂചിപ്പിക്കുന്ന സ്പീഡ് ലിമിറ്റ് ബോർഡുകളും സ്ഥാപിക്കും. കൂടാതെ വേഗത കുറയ്ക്കുന്നതിലേക്കായി ഈ ഭാഗങ്ങളിൽ റബിൾ സ്ട്രിപ്പും, റോഡ് സ്റ്റഡും ഘടിപ്പിക്കുകയും, റോഡ് സുരക്ഷാ നിയമപ്രകാരം ഓവർടേക്കിങ് അനുവദിക്കില്ല എന്ന് സൂചിപ്പിക്കുന്ന തുടർച്ചയായ മഞ്ഞ വരകളും വരയ്ക്കും. കൂടാതെ സിസിടിവി ക്യാമറകളും ഘടിപ്പിക്കും. ഇപ്രകാരമുള്ള നടപടിക്രമങ്ങൾ അടിയന്തരമായി ചെയ്യുകയും തുടർന്ന് ദീർഘകാല അടിസ്ഥാനത്തിൽ റോഡിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും, സുരക്ഷാ സംവിധാനം വർദ്ധിപ്പിക്കുന്നതിന് ഉപകരിക്കുന്ന മറ്റ് ക്രമീകരണങ്ങളും നടപ്പിലാക്കും. ഇതിന്റെ ഭാഗമായി മേരി ക്വീൻസ് ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ 600 മീറ്റർ നീളത്തിൽ റോഡിന് പൂർണമായും സംരക്ഷണഭിത്തി നിർമ്മിച്ച് റോഡ് കൃത്യമായി ലെവൽ ചെയ്യുകയും റോഡിന്റെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്ത് വീതി വർദ്ധിപ്പിക്കുകയും ചെയ്യും. ഇതുകൂടാതെ പ്രസ്തുത ഭാഗത്ത് റോഡിലുള്ള ഡിപ്പുകളും, മുഴകളും ഒഴിവാക്കുന്നതിനും,ക്യാമ്പർ കറക്റ്റ് ചെയ്യുന്നതിനുമായി ആവശ്യമായ സ്ഥലങ്ങളിൽ പ്രൊഫൈൽ കറക്ഷൻ നടത്തുന്നതുമാണ്. കൂടാതെ ഓട നിർമ്മിക്കുകയും പുതുതായി ഒരു കലുങ്ക് നിർമ്മിച്ച് വർഷകാലങ്ങളിലെ വെള്ളമൊഴുക്കും സുഗമമാക്കും. ഇപ്രകാരം പ്രസ്തുത ഭാഗത്ത് അപകട സാധ്യത ഇല്ലാതാക്കുന്നതിനുള്ള ദീർഘകാല അടിസ്ഥാനത്തിലുള്ള എല്ലാവിധ മുൻകരുതൽ പ്രവർത്തനങ്ങളും നടപ്പിലാക്കും. അതിനായി റോഡ് സുരക്ഷ അതോറിറ്റിയുടെ ഫണ്ട് അനുവദിക്കുന്നതിന് വിശദമായ പ്രോജക്ട് പ്രൊപോസൽ തയ്യാറാക്കി ഗവൺമെന്റിൽ സമർപ്പിച്ച് ഫണ്ട് അനുവദിപ്പിക്കും.അതിലേക്ക് ആവശ്യമായ റോഡ് സുരക്ഷ അതോറിറ്റി ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസിന് കത്ത് നൽകിയിട്ടുണ്ട്.