രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 21 ശതമാനവും കേരളത്തിൽ : മന്ത്രി ഡോ. ആർ ബിന്ദു

ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം; മന്ത്രി ഡോ.ആർ ബിന്ദു

Oct 16, 2024
രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 21 ശതമാനവും കേരളത്തിൽ : മന്ത്രി ഡോ. ആർ ബിന്ദു
dr-r-bindhu

തിരുവനന്തപുരം : രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ മികച്ച സ്ഥാപനങ്ങളിൽ 21 ശതമാനവും കേരളത്തിലെ സ്ഥാപനങ്ങളാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. കേരള സർവ്വകലാശാലക്കും മഹാത്മഗാന്ധി സർവ്വകലാശാലക്കും നാക് അക്രഡിറ്റേഷനിൽ എ പ്ലസ് പ്ലസ്  നേടാനായി. കാലടി, കുസാറ്റ് സർവ്വകലാശാലകൾക്ക് എ പ്ലസ് ലഭിച്ചു.  കൂടാതെ ദേശീയ അന്തർദേശീയ തലങ്ങളിൽ തിളക്കമാർന്ന  നേട്ടങ്ങൾ സ്വന്തമാക്കാനായതായും മന്ത്രി പറഞ്ഞു. ഗവ. സംസ്‌കൃത കോളേജിൽ പുതുതായി  നിർമ്മിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. പ്ലാൻഫണ്ടും കിഫ്ബി, റൂസോ ഫണ്ടുകൾ പ്രയോജനപ്പെടുത്തി രണ്ടായിരം കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കാനായി. അക്കാദമിക, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകളുടെ നിർമ്മാണത്തിനും അത്യാധുനിക ലാബുകളുടേയും ലൈബ്രറികളുടേയും രൂപീകരണത്തിനുമാണ് ഭൂരിഭാഗം തുകയും വിനിയോഗിച്ചത്. അടിസ്ഥാന വികസന സൗകര്യങ്ങളുടെ വിപുലീകരണത്തിനൊപ്പം കാലാനുസൃതമായ ഉള്ളടക്ക പരിഷ്‌കരണത്തിന്റെ ഫലമായാണ് നാല് വർഷത്തെ ബിരുദ പ്രോഗ്രാമുകൾക്ക് തുടക്കമിടാനായതെന്നും മന്ത്രി പറഞ്ഞു.

വിദ്യാർഥികളെ തൊഴിലിനു സജ്ജമാക്കുന്നതിനു പുറമേ അഭിരുചിയുള്ളവരെ ഗവേഷണത്തിലേക്ക് പ്രോത്സാഹിപ്പിക്കുന്നുണ്ട്. പഠനത്തിൽ മിടുക്കരായ  1000 വിദ്യാർത്ഥികൾക്ക് കഴിഞ്ഞ രണ്ടുവർഷമായി മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരം നൽകിവരുന്നുണ്ട്. ഒരു ലക്ഷം രൂപയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും ലഭ്യമാക്കുന്നുണ്ട്. മികവുറ്റ പൂർവ അധ്യാപകരെയും രാജ്യത്തിനകത്തെയും പുറത്തേയും അക്കാദമിക വിദഗ്ധരേയും ഉൾപ്പെടുത്തി പൊതുവേദികൾ സൃഷ്ടിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

സംസ്‌കൃത കോളേജ് വളപ്പിലെ പൗരസ്ത്യ ഭാഷാ പഠന കേന്ദ്രത്തിന്റെ നവീകരണത്തിന് വകുപ്പിന്റെ ഭാഗത്തു നിന്നും സാധ്യമായ എല്ലാകാര്യങ്ങളും ചെയ്യും.  പൗരാണികത നിലനിർത്തിയുള്ള പ്രവർത്തനത്തിന് എംഎൽഎയേയും ഉൾപ്പെടുത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരള സർക്കാർ നടപ്പാക്കിവരുന്ന അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ ഭാഗമായി കിഫ്ബി ഫണ്ടുപയോഗിച്ചാണ്  ആറു കോടി രൂപ ചെലവിൽ കൈറ്റിന്റെ മേൽനോട്ടത്തിൽ ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കിയത്. മൂന്ന് നിലകളുള്ള പുതിയ അക്കാദമിക് ബ്ലോക്കിൽ 12 ക്ലാസ് റൂമുകളും ഒരു ഹാളും പ്രിൻസിപ്പൽ റൂം, ഓഫീസ് റൂം എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായാണ് നിർമാണം പൂർത്തീകരിച്ചത്.

അഡ്വ. ആന്റണി രാജു എംഎൽഎ അദ്ധ്യക്ഷനായ ചടങ്ങിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സുധീർ കെ, അഡീഷണൽ ഡയറക്ടർ ഡോ.സുനിൽ ജോൺ ജെ,  വാർഡ് കൺസിലർ പാളയം രാജൻ, ജനറൽ കൺവീനർ എഎസ് വിവേകാനന്ദൻ, സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.കെ റഹീം, കോളേജ് പ്രിൻസിപ്പൽ ഡോ.അമല വികെ , യൂണിയൻ ചെയർപേഴ്സൺ എബി ജോസ്, പിടിഎ വൈസ് പ്രസിഡന്റ് ദിനേശ് കുമാർ, പൂർവ വിദ്യാർഥി സംഘടനാ സെക്രട്ടറി അഡ്വ. അരുൺ എസ് തുടങ്ങിയവർ സംബന്ധിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.