ആലപ്പുഴയുടെ കരുത്തായ കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കും-ആഭ്യന്തര- കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല 

Jul 5, 2026
ആലപ്പുഴയുടെ കരുത്തായ കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കും-ആഭ്യന്തര- കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല 

കയർമേഖല നേരിടുന്ന പ്രതിസന്ധികളും പരിഹാരമാർഗ്ഗങ്ങളും വിശദമായി ചർച്ചചെയ്ത് ആഭ്യന്തര- കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ വിപുലമായ യോഗം ചേർന്നു. ചെറുകിട ഉത്പാദകർ, കയറ്റുമതി മേഖലയിൽ പ്രവർത്തിക്കുന്നവർ, എംഎൽഎമാർ, ഉദ്യോഗസ്ഥർ, കയർ കോർപ്പറേഷൻ, കയർഫെഡ്, ഫോം മാറ്റിംഗ്സ് പ്രതിനിധികൾ തുടങ്ങിയവരാണ് വിവിധ യോഗങ്ങളിൽ പങ്കെടുത്തത്. ആലപ്പുഴ ജില്ലയുടെ കരുത്തായ കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കയർ കോർപ്പറേഷൻ, കയർ മിഷനറി മാനുഫാക്ചറിംഗ് കമ്പനി, കയർ ഫെഡ്, ഫോം മാറ്റിംഗ്സ് എന്നിവിടങ്ങളിലൊന്നും പുതിയ നിയമനങ്ങൾ വേണ്ടെന്ന് മന്ത്രി നിർദേശിച്ചു. ഇവിടങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ചെലവ് കൂടുതലാണെന്നും ഒരു സ്ഥാപനവും പരസ്യങ്ങൾ പുതുതായി നൽകരുതെന്നും മന്ത്രി നിർദേശിച്ചു. ഈ നാല് സ്ഥാപനങ്ങളെയും നിലവിലെ അവസ്ഥയിൽ പോകാൻ അനുവദിക്കില്ലെന്നും കാര്യക്ഷമത വർധിപ്പിച്ചേ മതിയാകുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ അടിസ്ഥാനത്തിൽ കയർ സംഘങ്ങൾ നേരിടുന്ന പ്രതിസന്ധികളും പരിഹാരമാർഗങ്ങളും സംബന്ധിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രോജക്ട് ഓഫീസർമാർക്ക് മന്ത്രി നിർദ്ദേശം നൽകി. തൊണ്ടിന്റെ ലഭ്യതക്കുറവും ചകിരി ഉത്പാദനത്തിലെ കുറവുമാണ് മേഖല നേരിടുന്ന പ്രധാന പ്രതിസന്ധിയെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. കയർ തൊഴിലാളികളുടെ ജീവിതം പരിതാപകരമാണെന്നും മേഖലയ്ക്ക് പുനരുജ്ജീവന പാക്കേജ് വേണമെന്നും അരൂർ എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായ ഷാനിമോൾ ഉസ്മാൻ യോഗത്തിൽ ആവശ്യപ്പെട്ടു. കയർ ഉത്പന്നങ്ങളിൽ അഞ്ചുതെങ്ങ് ബ്രാൻഡ് ഉണ്ടാക്കണമെന്ന് ചിറയൻകീഴ് എംഎൽഎ രമ്യ ഹരിദാസ് ആവശ്യപ്പെട്ടു. കയർ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ദിവസം നീണ്ടുനിൽക്കുന്ന യോഗം വിളിച്ചതിൽ മന്ത്രി രമേശ് ചെന്നിത്തലയെ മുൻമന്ത്രിയും ചേർത്തല എംഎൽഎയുമായ പി. പ്രസാദ് യോഗത്തിൽ അഭിനന്ദിച്ചു. ആലപ്പുഴ എംഎൽഎ എ.ഡി തോമസും യോഗത്തിൽ പങ്കെടുത്തു

ഓണത്തിന് ഒരു കയർ ഉൽപ്പന്നം വീടുകളിലേക്ക് 

കയർ ഉൽപ്പന്നങ്ങളുടെ വിപണനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിലേക്കും വീടുകളിലേക്കും ഓണത്തിന് ഒരു കയർ ഉൽപ്പന്നം എന്ന പദ്ധതി ആലോചിക്കുകയാണെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു. നൂതന യന്ത്രവൽക്കരണത്തിലൂടെ മാത്രമേ ഉൽപാദനം മെച്ചപ്പെടുത്താൻ കഴിയുവെന്ന് കയറ്റുമതി സ്ഥാപനങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. ചെറുകിട ഉത്പാദകർക്ക് 38 കോടിയോളം രൂപ കയർ കോർപ്പറേഷൻ നൽകാനുണ്ടെന്ന് ചെറുകിട സംഘങ്ങളുടെ പ്രതിനിധികളും യോഗത്തിൽ പറഞ്ഞു. കയർ ഡയറക്ടർ സമീർ കിഷൻ, കയർ ഡെവലപ്മെന്റ് അഡീഷണൽ ഡയറക്ടർ അനിൽകുമാർ കെ എസ്, കയർഫെഡ് ചെയർമാൻ ടി കെ.ദേവകുമാർ, ട്രേഡ് യൂണിയന്റെ ഭാഗമായുള്ള വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് എത്താൻ കഴിയാതിരുന്ന എംഎൽഎമാർ പ്രതിനിധികളെ അയച്ചിരുന്നു. നേരത്തെ കയർ മേഖലയിലെ വിവിധ ട്രേഡ് യൂണിയനുകളുടെ യോഗം മന്ത്രി തിരുവനന്തപുരത്ത് വിളിച്ചിരുന്നു