കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

മുണ്ടക്കയം: പെരുവന്താനത്ത് കാട്ടാനയാക്രമണത്തിൽ മരിച്ച സോഫിയയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകും. ഇന്ന് തന്നെ ധനസഹായം നൽകുമെന്ന് കളക്ടർ ഉറപ്പ് നൽകിയതായാണ് വിവരം.
ഇവരുടെ മകൾക്ക് ജോലി നൽകുന്നതിന് ശിപാർശ ചെയ്യും. കാട്ടാന ഭീഷണിയിൽ കഴിയുന്ന മൂന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിക്കുമെന്നും കളക്ടർ അറിയിച്ചു. കളക്ടർ ഇക്കാര്യം അറിയിച്ചതോടെ സ്ഥലത്തുനിന്ന് മൃതദേഹം മാറ്റാനും പ്രതിഷേധം അവസാനിപ്പിക്കാനും ധാരണയായി.
തിങ്കളാഴ്ച വൈകുന്നേരം 5.30 നുണ്ടായ സംഭവത്തിൽ ചെന്നാപ്പാറ കൊമ്പൻപാറയിൽ ഇസ്മയിലിന്റെ ഭാര്യ സോഫിയ(45) ആണ് മരിച്ചത്. കുളിക്കാനായി സമീപത്തെ അരുവിയിലേക്ക് പോകുന്നതിനിടെയാണ് സോഫിയയെ കാട്ടാന ആക്രമിച്ചത്. ഏറെ നേരം കഴിഞ്ഞും തിരികെ എത്താത്തതിനെ തുടർന്ന് അന്വേഷിച്ച് പോയപ്പോഴാണ് സോഫിയയെ കാട്ടാന ആക്രമിച്ച നിലയിൽ കണ്ടെത്തിയത്.